കൊല്ലം : തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ അമ്മ സുജ മറ്റന്നാൾ നാട്ടിലെത്തും. കുവൈറ്റിലുള്ള കുടുംബത്തിലേക്ക് വീട്ടുജോലിക്കായാണ് സുജ പോയത്. ഈ കുടുംബം തുര്‍ക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. വിവരമറിഞ്ഞതോടെ നാളെ വൈകുന്നേരം തുർക്കിയിൽ നിന്ന് കുവൈറ്റിലെത്തുന്ന സുജ ശനിയാഴ്ച രാവിലെ കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം.
നാല് മാസം മുന്‍പാണ് സുജ വിദേശത്തേക്ക് പോയത്. മകന്‍റെ ദുരന്ത വിവരം അറിയിക്കാൻ ബന്ധുക്കള്‍ സുജയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തുർക്കിയിലെ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ കാരണം സാധിച്ചിരുന്നില്ല. ഒടുവിൽ വൈകുന്നേരത്തോടെയാണ് മകൻ മരണപ്പെട്ട വിവരം സുജയെ അറിയിച്ചത്.
സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ മിഥുന് ഷോക്കേറ്റത്. ബെഞ്ച് എടുത്ത് ഷീറ്റിനുമേൽ വെച്ചശേഷമായിരുന്നു ചെരിപ്പെടുക്കാനുള്ള ശ്രമം. തെന്നിയപ്പോൾ വീഴാതിരിക്കാൻ വേണ്ടി കൈ നീട്ടിയത് തൊട്ടടുത്തുള്ള ത്രീ ഫെയ്സ് ലൈനിലായിരുന്നു. തൊട്ടടുത്തുള്ള വീട്ടിലേക്കുള്ള വൈദ്യുത ലൈനായിരുന്നു ഇത്.

