ആലപ്പുഴ: സുഭദ്ര കൊലപാതകക്കേസിൽ പ്രതികളായ മാത്യൂസിന്റെയും ശർമിളയുടെയും അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. പ്രാഥമിക ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇരുവരെയും വെവ്വേറെ മുറിയിൽ ഇരുത്തി ചോദ്യം ചെയ്യുകയാണ്. മാത്യൂസിന്റെ സുഹൃത്തിനെയും ചോദ്യം ചെയ്തുവരികയാണ്. ഇവരെ വൈദ്യ പരിശോധനയ്ക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിക്കും. ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ മാസം നാലിനാണ് കൊച്ചി കടവന്ത്രയിൽ നിന്ന് 73കാരിയായ സുഭദ്രയെ കാണാതാകുന്നത്. ഏഴാം തീയതി മകൻ രാധാകൃഷ്ണൻ കടവന്ത്ര പോലീസിൽ സുഭദ്രയെ കാണാനില്ലെന്ന് വ്യക്തമാക്കി പരാതി നൽകി. പോലീസ് സുഭദ്രയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തിയിരുന്നു.ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികളായ ശർമിളയും മാത്യൂസുമായി സുഭദ്രയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് സുഭദ്ര ഇവരെ സന്ദർശിച്ചിരുന്നു. മൂവരും ഒന്നിച്ച് യാത്രകളും നടത്താറുണ്ട്. ഇതിനിടെ സുഭദ്രയുടെ സ്വർണം പ്രതികൾ മോഷ്ടിച്ചിരുന്നു. ഇതിനെ ചൊല്ലി സുഭദ്ര ഇരുവരുമായും വാക്കുതർക്കത്തിലേർപ്പെട്ടിരുന്നുവെങ്കിലും ക്രമേണ പഴയ സൗഹൃദം പുനസ്ഥാപിക്കുകയായിരുന്നു, തുടർന്ന് പ്രതികൾ സുഭദ്രയെ കലവൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തികയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കരുതുന്നത്. സുഭദ്രയുടെ പക്കലുണ്ടായിരുന്ന സ്വർണം കവർന്ന ശേഷം പ്രതികൾ വയോധികയെ കുഴിച്ചുമൂടി.
സുഭദ്ര ശർമിളയോടൊപ്പം നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതോടെ പോലീസ് ശർമിളയും മാത്യൂസും താമസിക്കുന്ന കോർത്തുശേരിയിലെ വീട്ടിലെത്തി. സമീപവാസികളെ ചോദ്യം ചെയ്തതിൽ നിന്ന് മാലിന്യം മറവ് ചെയ്യാനെന്ന പേരിൽ തന്നെ കൊണ്ട് ഒരു കുഴി പ്രതികൾ എടുപ്പിച്ചിരുന്നു എന്ന് ഒരു മേസ്തിരി മൊഴി നൽകി. തുടർന്ന് പൂട്ടിയിട്ട വീടിന്റെ പറമ്പിൽ നിന്നും പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിനു മുമ്പേ തന്നെ പൊലീസ് ഉഡുപ്പി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഉഡുപ്പിയിൽ നിന്നും യുപിഐ വഴി പണമിടപാട് നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് ഉഡുപ്പിയിലെത്തുന്നത്.
പ്രതികൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും യുപിഐ വഴി 60,000 രൂപ അക്കൗണ്ടിൽ എത്തിയതും ഉഡുപ്പിയിലെ എടിഎമ്മിൽനിന്നു പണമെടുത്തതും നിർണ്ണായകമായി. പോലീസ് ഉഡുപ്പിയിൽ അന്വേഷണം നടത്തുന്നതിനിടെ പ്രതികൾ 24ന് കേരളത്തിലെത്തിയിരുന്നു. ഇത് പൊലീസ് അറിഞ്ഞെന്ന് മനസിലാക്കിയ പ്രതികൾ കൊച്ചിയിലേക്കും പിന്നീട് കർണാടകയിലേക്കും മുങ്ങുകയായിരുന്നു

