ആലപ്പുഴ: കലവൂർ കോര്‍ത്തുശ്ശേരിയില്‍ വീട്ടുവളപ്പില്‍നിന്ന് കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്രയുടേത് തന്നെയാണെന്ന് പോലീസ്. സുഭദ്രയുടെ മകൻ രാധാകൃഷ്ണൻ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം അഴുകിയിരുന്നെങ്കിലും കാലിൽ ധരിച്ചിരുന്ന ബാൻഡ് കണ്ടാണ് രാധാകൃഷ്ണൻ സുഭദ്രയെ തിരിച്ചറിഞ്ഞത്.
അന്തിമമായി സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ പരിശോധന നടത്തണമെങ്കിലും ഇത് വരെ ലഭിച്ച സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ടത് സുഭദ്ര തന്നെയാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഓഗസ്റ്റ് നാലാം തീയതി മുതല്‍ കടവന്ത്രയില്‍നിന്ന് കാണാതായ സുഭദ്രയെ കൊലപ്പെടുത്തിയശേഷം കോര്‍ത്തുശ്ശേരിയിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടെന്നാണ് നിഗമനം. മാത്യൂസ്-ശര്‍മിള ദമ്പതിമാര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയില്‍നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. സ്ഥലത്ത് പോലീസിന്റെ പരിശോധന തുടരുകയാണ്.
കഴിഞ്ഞമാസം നാലാംതീയതി മുതല്‍ സുഭദ്രയെ കാണാനില്ലെന്ന് മകനാണ് കൊച്ചി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര അവസാനമെത്തിയത് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് മാത്യൂസ്-ശര്‍മിള ദമ്പതിമാരുടെ വീട്ടിലേക്കാണ് സുഭദ്ര എത്തിയതെന്ന് വ്യക്തമായത്. ദൂരെയുള്ള ക്ഷേത്രങ്ങളിലേക്ക് സുഭദ്ര ദമ്പതികൾക്കൊപ്പം യാത്ര നടത്തിയിരുന്നു.
സുഭദ്ര ഇവിടേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ വീട്ടില്‍നിന്ന് ലഭിച്ചിരുന്നു. എന്നാല്‍, ഇവര്‍ തിരികെപോകുന്നത് സിസിടിവിയില്‍ കണ്ടില്ല. നേരത്തെ മാത്യൂസിന്റെ വീട്ടില്‍ കുഴിയെടുപ്പിച്ചിരുന്നതായി ഒരു മേസ്തിരി മൊഴി നല്‍കിയതും നിര്‍ണായകമായി. സ്വർണ്ണവും പണവും കവരാനാണ് പ്രതികൾ വയോധികയെ കൊന്നത് എന്നാണ് പ്രാഥമിക നിഗമനം. മാത്യൂസും ശര്‍മിളയും ഒളിവിലാണ്

