Saturday, December 20, 2025

അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്ന പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നൽകിയ ഉപകരാറുകളിൽ കോടികളുടെ ക്രമക്കേടെന്ന് പ്രതിപക്ഷം; പൊതുമേഖലാ സ്ഥാപനത്തെ നോക്കുകുത്തിയാക്കി കരാറുകൾ മുഴുവൻ പോയത് സിപിഎം പ്രവർത്തകന്റെ കമ്പനിക്ക്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിലെ പ്രതിയും സിപിഎം നേതാവുമായ പി പി ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നൽകിയ ഉപകരാറുകളിൽ അഴിമതി മണക്കുന്നെന്ന് പ്രതിപക്ഷം. നവീൻ ബാബുവിനെ ജനമധ്യത്തിൽ അപമാനിച്ചത് അഴിമതിക്കെതിരായ പോരാട്ടമാണെന്നാണ് പി പി ദിവ്യയുടെ നിലപാട്. എന്നാൽ പൊതുമേഖലാ സ്ഥാപനത്തെ നോക്കുകുത്തിയാക്കി സ്വകാര്യ കമ്പനിക്ക് കോടികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉപകരാറായി നൽകിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ സിൽക്ക് കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഉപകരാർ നൽകിയത്. ആകെ 12. 85 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സിൽക്കിന് ലഭിച്ചത്. ഇതിൽ 12.45 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും ഉപകരാർ നൽകുകയായിരുന്നു. 40 ലക്ഷം രൂപ മാത്രമാണ് സിൽക്കിന് നേരിട്ട് കൈമാറിയത്. ബാക്കി 12.45 കോടിരൂപയും സ്വകാര്യ കമ്പനിയുടെ ഐ സി ഐ സി ബാങ്ക് തളിപ്പറമ്പ് ശാഖയിലെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുകയായിരുന്നു എന്ന് വിവരാവകാശ രേഖ പുറത്തായിരുന്നു.

ധർമ്മശാല ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. കാർട്ടൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സി പി എം പ്രവർത്തകനായ മുഹമ്മദ് ആസിഫാണ് കമ്പനിയുടെ എം ഡി. പൊതുമേഖലാ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഈ കമ്പനിയാണ് പിൻ വാതിലിലൂടെ സർക്കാർ കരാറുകൾ നേടിയത്. 2020 ഡിസംബറിലാണ് പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റത്. അതിന് ശേഷം 2021 ജൂലൈ രണ്ടിനാണ് വിവാദ കമ്പനി രൂപീകരിച്ചിരിക്കുന്നത്. കാസർകോട്, വയനാട് ജില്ലാ പഞ്ചായത്തുകളുടെയും, കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കോടികളുടെ ഉപകരാറുകളും ഈ കമ്പനി നേടിയിട്ടുണ്ട്.

പെട്രോൾ പമ്പ് കോഴ വിവാദം അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ ഇ ഡി കാർട്ടൻ ഇന്ത്യ അലയൻസുമായി കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ ദുരൂഹ ഇടപാടുകൾ പരിശോധിക്കാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച പരാതിയിൽ പോലീസ് എഫ് ഐ ആർ ഇട്ടാൽ ഇ ഡി ഈ കേസുകളും പരിശോധിച്ചേക്കും. അതേസമയം ആത്മഹത്യ പ്രേരണാക്കേസിൽ പ്രതിയായ പി പി ദിവ്യ യെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ബന്ധുവീട്ടിലും പയ്യന്നൂരിലെ ആശുപത്രിയിലും കഴിഞ്ഞ ദിവസം എത്തിയ സിപിഎം നേതാവിനെ പോലീസ് സംരക്ഷിക്കുന്നു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Related Articles

Latest Articles