Saturday, December 13, 2025

2016 ലെ മൊബൈൽ ഫോൺ പരിശോധിക്കണമെന്ന് പോലീസ് സുപ്രീംകോടതിയിൽ; പരാതിക്കാരിയുടെ ഫോൺ പരിശോധിച്ചാലും പോരേയെന്ന് തിരിച്ചടിച്ച് സിദ്ദിഖിന്റെ അഭിഭാഷകൻ; വാദത്തിനിടെ മുഗുൾ റോത്തഗിക്ക് തൊണ്ടവേദന; കേസ് മാറ്റി

ദില്ലി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് വീണ്ടും ഇടക്കാലാശ്വാസം. മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിച്ചെങ്കിലും കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി. വാദം തുടങ്ങിയപ്പോൾ തന്നെ സിദ്ദിഖിന്റെ അഭിഭാഷകൻ തന്റെ കക്ഷി ഒരു സിനിമാ താരമാണെന്നും ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കോടതിയെ അറിയിച്ചു. എന്നാൽ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഫോണും കമ്പ്യൂട്ടറും നൽകുന്നില്ലെന്നും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് പോലീസ് ആവശ്യപ്പെട്ടത്. മുൻകൂർജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. അതേസമയം 2016 ൽ തന്റെ കക്ഷി ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പുമാണ് പോലീസ് ആവശ്യപ്പെടുന്നത്. എന്നാൽ അത് ഇപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ ഇല്ലെന്നും പോലീസ് ഉദ്ദേശിക്കുന്ന തെളിവുകൾക്കായി പരാതിക്കാരിയുടെ ഫോൺ പരിശോധിച്ചാലും മതിയല്ലോ എന്ന് മുഗുൾ റോത്തഗി തിരിച്ചടിച്ചു.

ഇതിനിടയിൽ തനിക്ക് നല്ല തൊണ്ടവേദനയുണ്ടെന്നും കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റിവയ്ക്കാമോ എന്നും റോത്തഗി കോടതിയോട് അഭ്യർത്ഥിച്ചു. വേണമെങ്കിൽ വാദം തുടരാമെന്നും മാറ്റിയാൽ നന്നായിരുന്നുവെന്നുമാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുടർന്ന് സുപ്രീംകോടതി കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി. അതുവരെ സിദ്ദിഖിന് ഇപ്പോൾ നൽകിയിട്ടുള്ള ഇടക്കാല ജാമ്യം തുടരും.

തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ വച്ച് തന്നെ സിദ്ദിഖ് ലൈംഗീകമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നൽകിയത്. കേസിൽ സിദ്ദിഖ് ആദ്യം ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യം തേടിയെങ്കിലും കോടതി ഹർജി തള്ളി തുടർന്നാണ് അദ്ദേഹം ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടു തവണ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായെന്നും മുൻ‌കൂർ ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്.

Related Articles

Latest Articles