Sunday, December 14, 2025

വിവാഹ മോചനക്കേസുകളിൽ അതീവ നിർണ്ണായകം ! പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതി; പഞ്ചാബ് -ഹരിയാന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഭാര്യയുടെ അറിവില്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇത്തരം തെളിവുകൾ സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ് -ഹരിയാന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നടപടി. ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ മൗലികാവകാശ ലംഘനമാണെന്നും, അതിനാൽ കുടുംബ കോടതിയിൽ അത് തെളിവായി സ്വീകാര്യമല്ലെന്നും നേരത്തെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു.

തെളിവ് നിയമത്തിന്റെ 122 വകുപ്പ് അനുസരിച്ച് ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള സംഭാഷണം സ്വകാര്യ സംഭാഷണമാണ് എന്നായിരുന്നു ഹൈക്കോടതി വിധി. എന്നാൽ സുതാര്യമായ വിചാരണയ്ക്കായാണ് തെളിവ് നിയമത്തിലെ 122 വകുപ്പെന്നും സ്വകാര്യത വിഷയമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തെളിവ് നിയമത്തിലെ 122 വകുപ്പ് സ്വകാര്യത സംബന്ധിച്ച അവകാശം കക്ഷികള്‍ക്ക് നല്‍കുന്നില്ല. 122-ാം വകുപ്പിനെ മൗലികാവകാശവുമായി ബന്ധപ്പെടുത്തിയല്ല പരിഗണിക്കേണ്ടത്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള സ്വകാര്യതയുടെ പരിധിയില്‍ ടെലഫോണ്‍ സംഭാഷണം ഉള്‍പ്പെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിവാഹമോചനക്കേസുകളിൽ തെളിവ് ശേഖരണവുമായി ബന്ധപ്പെട്ട് നില നിന്നിരുന്ന ആശയക്കുഴപ്പങ്ങൾ അവസാനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കോടതി വിധി. വിവാഹമോചന കേസുകളിൽ തെളിവുകൾ അവതരിപ്പിക്കുന്നതിൽ കക്ഷികൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നാണ് കരുതുന്നത്.

Related Articles

Latest Articles