ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികളിൽ ഹർജിക്കാർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. സൈന്യത്തിൻ്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുതെന്നും രാജ്യം കടന്നു പോകുന്ന സാഹചര്യം മനസിലാക്കണമെന്നും ഹർജി പിൻവലിക്കുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കശ്മീർ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാർ സാഹു, വിക്കി കുമാർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. കോടതിയുടെ വിമർശനത്തിന് പിന്നാലെ ഹർജി നൽകിയവർ തന്നെ ഹർജി പിൻവലിച്ചു. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക കർമ്മ പദ്ധതി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു

