തിരുവനന്തപുരം: ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കാൻ സുപ്രീംകോടതി ജഡ്ജിമാർക്ക് എന്തധികാരമാണെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഗവർണർ അടുത്തകാലത്ത് വന്ന സുപ്രീംകോടതി വിധിയെ വിമർശിച്ചത്. ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി ഭരണഘടനയിൽ പറഞ്ഞിട്ടില്ല. മൂന്നുമാസം എന്ന വ്യവസ്ഥ വരണമെങ്കിൽ ഭരണഘടനാ ഭേദഗതി വേണം. ഭരണഘടനാ ഭേദഗതിക്കുള്ള അധികാരം പാർലമെന്റിന് മാത്രമാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയും സംസ്ഥാന നിയമസഭകളുടെ അംഗീകാരത്തോടെയുമാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്. അത് രണ്ട് ജഡ്ജിമാർക്ക് ചെയ്യാമെങ്കിൽ പിന്നെ പാർലമെന്റ് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
കോടതി വിധി പറഞ്ഞ വിഷയം ഭരണഘടനയെ സംബന്ധിക്കുന്നതാണ്. അത് ഭരണഘടനാ ബെഞ്ചിന് വിടേണ്ടതായിരുന്നു. സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് അതിരുകടന്ന പെരുമാറ്റമാണ്. ബില്ലുകൾ വച്ചുകൊണ്ടിരിക്കരുത് എന്ന നിർദ്ദേശം മനസ്സിലാക്കാം എന്നാൽ മൂന്നുമാസം സമയപരിധിയെന്ന ചട്ടം ഭരണഘടനാനുസൃതമല്ല. ബില്ലുകളെ കുറിച്ച് സുപ്രീംകോടതിയുടെ മുന്നിലുള്ള തമിഴ്‌നാടിന്റെ വിഷയമല്ല കേരളത്തിലെ ബില്ലുകളിലുള്ളതെന്ന് ഗവർണർ പറഞ്ഞു.
വർഷങ്ങളായി കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളെ കുറിച്ച് ചർച്ചചെയ്യാം. സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ആയിരക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്നു. ഈ കേസുകൾ പരിഗണിക്കാതിരിക്കാൻ ജഡ്ജിമാർക്ക് കാരണങ്ങൾ ഉണ്ടെന്നപോലെ ബില്ലുകളുടെ കാര്യത്തിലും ഗവർണർമാർക്കും അവരുടേതായ കാരണങ്ങൾ ഉണ്ടാകും. തമിഴ്‌നാട്ടിലെ ഗവർണർക്ക് ബില്ലുകളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതവർ പരിഗണിക്കട്ടെ. കേരളത്തിൽ ബില്ലുകൾ ഒന്നും പിടിച്ചുവച്ചിട്ടില്ലെന്നും എല്ലാം രാഷ്ട്രപതിക്ക് അയച്ചതായും ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു.

