തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉടന്‍ തന്നെ രാജിവെക്കണം. അന്വേഷണത്തെ നേരിടണം. രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
മടിയില്‍ കനമില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. മുഖ്യപ്രതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സര്‍ക്കാരാണെന്ന കാര്യത്തില്‍ സംശയമില്ല. സത്യം പുറത്ത് കൊണ്ടുവരാതിരിക്കാന്‍ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുകയാണ്.എല്ലാം മുഖ്യമന്ത്രി തന്നെയാണ് നേരിട്ട് നിയന്ത്രിക്കുന്നതെന്നും അസാധരണമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചുവെന്ന് ആരും കരുതണ്ട. അന്വേഷണം ശരിയായ ദിശയില്‍ പോയാല്‍ പിണറായി ജയിലില്‍ ആകും. ബിരിയാണി പാത്രത്തില്‍ എന്താണെന്ന് സ്വപ്ന വ്യക്തമാക്കുകയും ചെയ്തു. സ്വപ്നയുടെ വെല്‍പ്പെടുത്തല്‍ മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കള്ളക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നടന്നത്. ഇത് എല്ലാം ബിജെപി നേരെത്തെ പറഞ്ഞിരുന്നതാണ്. അന്നും കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. സ്വപ്നയ്ക്ക് സുരക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ മഞ്ചേശ്വരം കേസില്‍ നിന്ന് ഒളിച്ചോടില്ല. ജയിലില്‍ പോകാന്‍ തയ്യാറാണ്. സാധാരണ പൗരന്‍ ആയി കേസ് നേരിടും. മുഖ്യമന്ത്രിയും അങ്ങനെ ചെയ്യട്ടെയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

