ദില്ലി: പൂർവ്വിക സ്വത്തവകാശത്തിൽ മുസ്ലിം സ്ത്രീകൾക്ക് തുല്യ പരിഗണനവെണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരി വി പി സുഹറ നടത്തുന്ന പോരാട്ടം കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ ഇടപെടലിൽ ലക്ഷ്യം കാണുന്നു. കേന്ദ്ര ന്യുനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവിനെ നേരിൽക്കണ്ട് ആവശ്യം ഉന്നയിക്കാനുള്ള അവസരമാണ് സുരേഷ്‌ഗോപി ഒരുക്കിയത്. കൂടിക്കാഴ്ചയിൽ സുഹ്റയോടൊപ്പം സുരേഷ്‌ഗോപിയും ഉണ്ടായിരുന്നു. മുസ്ലിം വ്യക്തി നിയമത്തിൽ സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്നതിനുള്ള ഭേദഗതി ബില്ലിന്റെ കരട് സുഹറ കേന്ദ്ര നിമയമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.
“നിസയുടെ സ്ഥാപക വി പി സുഹറയുമൊത്ത് കേന്ദ്ര ന്യുനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജു ജിയെ കണ്ടു. മുസ്ലിം സ്ത്രീകളുടെ തുല്യ അനന്തരാവകാശവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകളുടെ ഭാഗമാകാൻ അവസരം ലഭിച്ചു. മുസ്ലിം അനന്തരാവകാശ നിയമങ്ങളിൽ നീതിയും സുതാര്യതയും ഉറപ്പുവരുത്തുന്നത്തിനാവശ്യമായ ഭേദഗതികൾ അവതരിപ്പിക്കുന്ന കരട് ബില്ല് സുഹറ കേന്ദ്രമന്ത്രിക്ക് സമർപ്പിച്ചു. കേന്ദ്ര നിയമ മന്ത്രാലയവുമായും നിയമ വിദഗ്‌ധരുമായും വിഷയം ചർച്ചചെയ്യുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ഉറപ്പുനൽകി. നീതിയും തുല്യതയും എല്ലാവർക്കും ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കും. നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയെയും പിന്തുണയ്ക്കാനുള്ള ശ്രമങ്ങളെ ഞാൻ തുടർന്നും പിന്തുണയ്ക്കും”- സുരേഷ്‌ഗോപി ഫേസ്ബുക്കിൽ കുറിച്ചു. .
പിന്തുടർച്ചാവകാശത്തിൽ മുസ്ലിം സ്ത്രീകൾക്ക് തുല്യത ആവശ്യപ്പെട്ട് വി പി സുഹറ ദില്ലിയിലെ ജന്ദർമന്ദറിൽ സമരം ചെയ്‌തിരുന്നു. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഇടപെട്ടാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരെ നേരിൽ കാണാൻ അവസരം ഒരുക്കണമെന്ന് അന്ന് സുരേഗോപി ഉറപ്പ് നൽകിയിരുന്നു.

