ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം വരുന്ന വ്യാഴാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന അഭിഭാഷകന്റെ റോളിലെത്തുമ്പോൾ അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.
ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വ്യക്തമാക്കിക്കൊണ്ട് അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.
ചിത്രത്തിൻറെ റീ എഡിറ്റ് ചെയ്ത പതിപ്പിന് കഴിഞ്ഞ ദിവസം സെൻസര്‍ ബോര്‍ഡ് പ്രദർശനാനുമതി നല്‍കിയിരുന്നു.എട്ട് മാറ്റങ്ങളോടെയാണ് സിനിമ എത്തുക.
സിനിമയിലെ കോടതി രംഗങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. ജാനകി വി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുകയും കോടതി രംഗങ്ങളിൽ 6 ഇടത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജൂൺ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. ചിത്രം കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമിച്ചിരിക്കുന്നത്. ജൂൺ 12നാണ് ചിത്രം ഇ- സിനിമാപ്രമാൺ പോർട്ടൽ വഴി സർട്ടിഫിക്കേഷനായി സമർപ്പിച്ചത്. സിനിമയുടെ സെൻസർ പ്രദർശനം ജൂൺ 18ന് പൂർത്തിയായിരുന്നു.
. ഏറെ നാളുകൾക്കുശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ജെഎസ്‌കെ. സുരേഷ് ഗോപിയും മകൻ മാധവ് സുരേഷും ആദ്യമായി ഒരുമിക്കുന്ന ചിത്രംകൂടിയാണിത്. അസ്കർ അലി, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ്, യദുകൃഷ്ണ, ജയൻ ചേർത്തല, ഷഫീർ ഖാൻ, രജത്ത് മേനോൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

