കോഴിക്കോട് : നടി ആക്രമിക്കപ്പെട്ട കേസിലെ വിധി നിരാശാജനകമെന്ന് കെ.കെ. രമ എംഎല്‍എ. കുറ്റകൃത്യത്തിന് പിറകെ ഗൂഢാലോചന തെളിയിക്കുന്നതില്‍ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടുവെന്നും ഈ പരാജയത്തിനു പിറകില്‍ കാണാമറയത്തെ ഉന്നത ഒത്തുതീര്‍പ്പുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ കെ രമ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. കോടതിമുറികളില്‍ പരാജയപ്പെട്ടാലും സമൂഹ മനഃസാക്ഷിയുടെ കോടതിയിലും മനുഷ്യഭാവിയുടെ പോര്‍മുഖത്തും അതിജീവിത വിജയിച്ചുനില്‍ക്കുകയാണെന്നും അവളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഒരു ചരിത്രമാണെന്നും കെ.കെ. രമ കൂട്ടിച്ചേർത്തു.
കെ.കെ. രമയുടെ ഫെയ്‌സ്ബുക്ക് വായിക്കാം
‘’ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍വഴികള്‍ പിന്തുടര്‍ന്ന ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ന്യായാധിപയെ സംബന്ധിച്ച് അതിജീവിതയ്ക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍, കോടതിയുടെ സുരക്ഷയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് തുടങ്ങി ഒട്ടനേകം സന്ദര്‍ഭങ്ങള്‍ നീതിബോധമുള്ള മനുഷ്യരെ ആശങ്കയിലാഴ്ത്തിരുന്നു.
അക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നീതിപീഠത്തെ ചൂഴ്ന്നു നില്‍ക്കുന്ന കാര്‍മേഘങ്ങള്‍ നീക്കണമെന്നും പറഞ്ഞത് ഹൈക്കോടതിയാണ്.
അതിക്രൂരമായ ഈ കുറ്റകൃത്യത്തിന് പിറകെ ഗൂഢാലോചന തെളിയിക്കുന്നതില്‍ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു. ഈ പരാജയത്തിനു പിറകില്‍ കാണാമറയത്തെ ഉന്നത ഒത്തുതീര്‍പ്പുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വിധി നിരാശാജനകമെങ്കിലും നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല. ഇതിനുമുകളിലും കോടതികളുണ്ട്.
കോടതി മുറികളില്‍ സാങ്കേതികമായി പരാജയപ്പെട്ടാലും സമൂഹ മനഃസാക്ഷിയുടെ കോടതിയിലും മനുഷ്യഭാവിയുടെ പോര്‍മുഖത്തും വിജയിച്ചു നില്‍ക്കുകയാണ് അതിജീവിത.
അവളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഒരു ചരിത്രമാണ്.
അവള്‍ പരാജയപ്പെടുകയില്ല. ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കും.
സ്‌നേഹാഭിവാദ്യങ്ങള്‍ പ്രിയപ്പെട്ടവളേ..’’

