ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ ബാധിതനായി ചികിത്സയിൽ തുടരവെയാണ് രാജ്യത്തെ കോടിക്കണക്കിന് പ്രവർത്തകരെ കണ്ണീരിലാഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായിരുന്നു അദ്ദേഹം. സുശീൽ മോദിയുടെ രാജ്യസഭാ കാലാവധി അവസാനിച്ചതിനുശേഷം വീണ്ടും ടിക്കറ്റ് നൽകാത്തതു ലോക്സഭാ സ്ഥാനാർഥിയാക്കാനാണെന്ന അഭ്യൂഹമുണ്ടായിരുന്നു. താൻ അർബുദ രോഗവുമായി മല്ലിടുകയാണെന്നും ഇത്തവണ ലോക്സഭാ മത്സരത്തിനില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയത്. ബിഹാറിൽ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും രോഗബാധിതയെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം.
നാലു സഭകളിലും അംഗമെന്ന അപൂർവ നേട്ടത്തിന് ഉടമയാണ് സുശീൽ മോദി. 2005–2013 കാലത്തും 2017–2020 കാലത്തും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു. കോട്ടയം പൊൻകുന്നം സ്വദേശി ജെസി ജോർജാണ് സുശീലിന്റെ ഭാര്യ.

