ലഖ്‌നൗ: കോഴിക്കോട്ടെ ട്രെയിൻ ആക്രമണക്കേസിൽ പ്രതി ഉത്തർപ്രദേശ് എ ടി എസിന്റെ കസ്റ്റഡിയിലെന്ന് സൂചന. ഉത്തർപ്രദേശ് എ ടി എസിനെ ഉദ്ധരിച്ച് 25 കാരനായ ഷാരൂഖ് ഷെയ്ഖ് പിടിയിലായതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാത്രമല്ല പ്രതികൾക്ക് ഭീകരബന്ധമുണ്ടെന്ന വാർത്തകളും വരുന്നുണ്ട്. നോയിഡക്കടുത്തുള്ള ബുലന്ദ് ശഹറിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളെ ഇപ്പോൾ ലഖ്‌നൗവിലേയ്ക്ക് കൊണ്ടുവരികയാണ്. കേരളാ പോലീസ് അന്വേഷണ സംഘം ഇന്നലെ തന്നെ വിവരങ്ങൾ ഉത്തർപ്രദേശ് എ ടി എസിന് കൈമാറിയിരുന്നു. റെയിൽവേ പോലീസിന്റെ രണ്ടംഗ സംഘം ലഖ്‌നൗവിലേക്ക് എത്തിയിട്ടുമുണ്ട്. ഭീകര ബന്ധം സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജൻസികളും നടത്തുന്നുണ്ട്. അതേസമയം ഇയാൾ കേരളത്തിൽ നിന്ന് രക്ഷപെട്ടത് വിമാനമാർഗ്ഗമാണോ എന്നും സംശയം ഉയരുന്നുണ്ട്.
ഞായറാഴ്ച രാത്രി ഒൻപത് മണിക്കാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ആക്രമണം നടന്നത്. ഡി 1 കോച്ചിലെ യാത്രക്കാർക്കു നേരെ പെട്രോളൊഴിച്ച ശേഷം അക്രമി തീയിടുകയായിരുന്നു. മറ്റൊരു കോച്ചിൽ നിന്നാണ് ഇയാൾ ഡി 1 കോച്ചിൽ എത്തിയത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുപ്പി തുറന്ന ശേഷം പെട്രോൾ വീശിയൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. തീ കൊളുത്തിയ സമയം അക്രമിയുടെ കാലിൽ പൊള്ളലേറ്റിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

