കള്ളിക്കാട് : വാഹനത്തിൽ പെട്രോൾ അടിക്കുന്നതിനിടെ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി . കാട്ടാക്കട മയിലോട്ടുമൂഴിയിൽ താമസിക്കുന്ന ബിജു തങ്കച്ചനെയാണ്(36) തട്ടിക്കൊണ്ടുപോയത്. കള്ളിക്കാട് പെട്രോൾ പമ്പിൽ ഇന്ന് വൈകുന്നേരം മൂന്നേ മുക്കാലോടെയായിരുന്നു സംഭവം.
ബിജുവിന്റെ കാറിൽ പെട്രോൾ അടിച്ചുകൊണ്ടിരിക്കുന്നതിനിടെ 15 ഓളം പേരടങ്ങുന്ന സംഘം സ്ഥലത്തെത്തി കാർ വളയുകയായിരുന്നു. ബിജുവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു. കാറിന്റെ പിന്നിലുള്ള സീറ്റിലേക്ക് ഇയാളെ വലിച്ചിടുകയും ചെയ്തു. ശേഷം വാഹനത്തിൽ കയറി ബിജുവിനെയും കൊണ്ട് കള്ളിക്കാട് ഭാഗത്തേക്ക് പോയി.
കാട്ടാക്കട പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ബിജു നെയ്യാറ്റിൻകരയിൽ റാബിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരുകയാണെന്നാണ് വിവരം. സാമ്പത്തിക പ്രശ്നനങ്ങളുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ട് പോകൽ എന്നാണ് വിവരം.

