വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്സി… ഇങ്ങനെ ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് നാടുവിട്ടവരെ പറ്റി നാം തിരക്കാറുണ്ട് . എന്നാല്‍ വിദേശത്തു പോയി ആ സര്‍ക്കാരിനെ പറ്റിച്ച് ഇന്ത്യയിലേയേക്കു കടന്നവരെ പറ്റി ഏറെ കേട്ടിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിനെ പറ്റിച്ച് ഇന്ത്യയിലെത്തിയ ഗുപ്ത കുടുംബാഗങ്ങള്‍ എന്നു സംശയിക്കുന്ന രണ്ടു പേര്‍ കഴിഞ്ഞദിവസം പോലീസ് പിടിയിലായി. ദക്ഷിണാഫ്രിക്കയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ കൊള്ളയടിച്ചതാണ് ഇവര്‍ക്കെതിരേയുള്ള കേസ് . അജയ, ഭാര്യാ സഹോദരന്‍ അനില്‍ എന്നിവരാണ് ശനിയാഴ്ച ഉത്തരാഖണ്ഡില്‍ വച്ച് അറസ്റ്റ് ചെയ്‌യപ്പെട്ടത്. തട്ടിപ്പു കേസില്‍ പ്രതിയായി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തോടൊപ്പം ദക്ഷിണാഫ്രിക്കയില്‍ നിന്ന് പലായനം ചെയ്ത അതേ അജയ് ഗുപ്ത തന്നെയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മുന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായുള്ള അടുത്ത ബന്ധം വഴിയാണ് ഗുപ്ത സഹോദരന്മാര്‍ ദക്ഷിണാഫ്രിക്കയില്‍ കോടിക്കണക്കിന് റാന്‍ഡുകള്‍ (ദക്ഷിണാഫ്രിക്കന്‍ കറന്‍സി) തട്ടിയെടുത്തുവെന്ന് പരാതിയുള്ളത്. ഗുപ്ത സഹോദരന്മാരായ അതുല്‍, അജയ്, രാജേഷ് എന്നിവരാണ് കേസിലെ പ്രതികള്‍ . ഐടി, മാധ്യമം, ഖനനം തുടങ്ങിയ മേഖലകളില്‍ ഇവര്‍ വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിരുന്നു. 2018ല്‍ ജേക്കബ് സുമ അധികാരത്തില്‍ നിന്ന് പുറത്തായതോടെ ഗുപ്ത കുടുംബം ദുബായിലേക്ക് പലായനം ചെയ്യുകയായിരുന്നു. മൂന്ന് ഗുപ്ത സഹോദരന്മാരില്‍ മൂത്തയാളായ അജയ് അഴിമതി പദ്ധതികളുടെ പിന്നിലെ സൂത്രധാരനാണെന്ന് ആരോപിക്കപ്പെടുന്നു. ഇയാളുടെ ഇളയ സഹോദരങ്ങളായ അതുലും രാജേഷും 2022ല്‍ ദുബായില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ 2023-ല്‍, രാജേഷിനെയും അതുലിനെയും കൈമാറാനുള്ള ദക്ഷിണാഫ്രിക്കയുടെ അപേക്ഷ യുഎഇ നിരസിച്ചു. ഇതോടെ ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഗുപ്ത സഹോദരങ്ങളുടെ സ്വത്തുക്കള്‍ നിലവില്‍ മരവിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ മറ്റൊരു കേസിലാണ് അജയ് ഗുപ്തയും ഭാര്യാസഹോദരന്‍ അനിലും ഇന്ത്യയില്‍ അറസ്റ്റിലായിരിക്കുന്നത്. ഒരു പ്രമുഖ ബില്‍ഡറായ സതീന്ദര്‍ സിംഗ് സാഹ്നി തന്റെ ബഹുനില അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ചാടി ആത്മഹത്യ ചെയ്തിരുന്നു. സാഹ്നിയുടെ ആത്മഹത്യാ കുറിപ്പില്‍ ഗുപ്ത സഹോദന്മാരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അജയ് ഗുപ്തയും ഭാര്യാസഹോദരന്‍ അനിലും അറസ്റ്റ് ചെയ്യപ്പെട്ടത്. ഇരുവരെയും ഡെറാഡൂണിലെ കോടതി ശനിയാഴ്ച 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇവര്‍ അറസ്റ്റിലായതോടെ ദക്ഷിണാഫ്രിക്ക തേടുന്ന ഗുപ്ത സഹോദരന്മാര്‍ തന്നെയാണോ ഇവര്‍ എന്നു സ്ഥിരീകരിക്കാനുള്ള ഔപചാരികമായ നടപടികള്‍ ദക്ഷിണാഫ്രിക്ക ആരംഭിച്ചു. ജോഹന്നാസ്ബര്‍ഗില്‍ നടന്ന ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് റാലിയില്‍, നീതിന്യായ മന്ത്രി റൊണാള്‍ഡ് ലമോള, ഇന്ത്യയിലെ ഇരുവരുടെയും അറസ്റ്റിനെക്കുറിച്ച് സ്ഥിരീകരിച്ചു.

