ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി സമാനതകളില്ലാത്ത കനത്ത തിരിച്ചടി ഏറ്റുവാങ്ങി നിൽക്കെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രതികരണവുമായി രാജ്യസഭാ എംപി സ്വാതി മലിവാൾ . ‘രാവണന്റെ അഹങ്കാരത്തിന് പോലും അവനെ രക്ഷിക്കാനായില്ലെ’ന്ന് ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സ്വാതി മലിവാള്‍ എക്‌സില്‍ കുറിച്ചു. മഹാഭാരതത്തിലെ ദ്രൗപതിയുടെ വസ്ത്രാക്ഷേപ രംഗത്തിന്റെ ഒരു ചിത്രവും സ്വാതി പങ്കുവെച്ചു.
“ചരിത്രം നോക്കിയാല്‍, ഏതെങ്കിലും സ്ത്രീക്കെതിരേ തെറ്റ് ചെയ്തവരെ ദൈവം ശിക്ഷിച്ചിട്ടുണ്ട്. ജലമലിനീകരണം, വായു മലിനീകരണം, തെരുവുകളുടെ ദയനീയാവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടുതന്നെ അരവിന്ദ് കെജ്‌രിവാളിന് തന്റെ സീറ്റ് നഷ്ടപ്പെട്ടു. തങ്ങള്‍ പറയുന്ന കള്ളം ആളുകള്‍ വിശ്വസിക്കുമെന്നാണ് അവര്‍ കരുതുന്നത്. എഎപി നേതൃത്വം അവര്‍ പറഞ്ഞിരുന്നതില്‍ നിന്ന് വ്യതിചലിച്ചു. ഞാന്‍ ബിജെപിയെ അഭിനന്ദിക്കുന്നു. പ്രതീക്ഷയോടെയാണ് ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്തത്. അത് നിറവേറ്റാന്‍ അവര്‍ പ്രവര്‍ത്തിക്കണം”- ഒരു പ്രമുഖ വാർത്താ ഏജൻസിക്ക് നല്‍കിയ പ്രതികരണത്തില്‍ മലിവാള്‍ പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍വെച്ച് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ബിഭവ് കുമാര്‍ തനിക്കെതിരെ അതിക്രമം നടത്തിയെന്ന ആരോപണവുമായി സ്വാതി രംഗത്ത് വന്നത് ഏറെ വിവാദമായിരുന്നു.

