ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെജ്‌രിവാളിനെ സന്ദര്‍ശിക്കാൻ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്ന സ്വാതിയുടെ പരാതിയിലാണ് നടപടി. പരാതി നല്‍കിയ വിവരം സ്വാതി തന്നെ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കെജ്‌രിവാളിനെ സന്ദർശിക്കാൻ വസതിയിലെത്തിയ സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാർ കയ്യേറ്റം ചെയ്തെന്നാണ് ആക്ഷേപം. സ്വാതി തന്നെ ഇക്കാര്യം പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടു. എന്നാൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സ്വാതി പോലീസിൽ പരാതി നൽകുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ദില്ലി പോലീസിന്റെ ഒരു സംഘം സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തിരുന്നു. അതിന് പിന്നാലെയാണ് സ്വാതി പരാതി നല്‍കിയത്.

