Saturday, December 13, 2025

നാറ്റോ സഖ്യത്തിൽ ചേർന്ന് സ്വീഡൻ ; അവസാനിപ്പിക്കുന്നത് രണ്ടു നൂറ്റാണ്ടോളം നീണ്ടു നിന്ന നിഷ്പക്ഷ നിലപാട് ; ചരിത്രപരമെന്ന് ആന്റണി ബ്ലിങ്കൻ

സ്റ്റോക്ഹോം : രണ്ടു നൂറ്റാണ്ടോളം നീണ്ടുനിന്ന നിഷ്പക്ഷ നിലപാട് അവസാനിപ്പിച്ച് നാറ്റോ സഖ്യത്തിന്റെ ഭാഗമായി സ്വീഡൻ. നാറ്റോ സൈനിക സഖ്യത്തിലെ 32-ാമത് അംഗമാണ് സ്വീഡൻ. യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തോടെയാണ് സ്വീഡൻ നാറ്റോ സൈനിക സഖ്യത്തിൽ ചേരാൻ അപേക്ഷ നൽകിയിരുന്നത്. തുടർന്ന് രണ്ടു വർഷങ്ങൾക്കുശേഷമാണ് ഇപ്പോൾ രാജ്യം ഔദ്യോഗികമായി നാറ്റോയുടെ ഭാഗമാകുന്നത്.

വാഷിംഗ്ടണിലെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൽ നടന്ന ചടങ്ങിൽ വച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെനിൽ നിന്നുമാണ് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ നാറ്റോ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ ഏറ്റുവാങ്ങിയത്. സ്വീഡന്റെ നാറ്റോ പ്രവേശനം ചരിത്രപരമായ കാര്യമാണെന്ന് ആന്റണി ബ്ലിങ്കൻ ചടങ്ങിൽ വ്യക്തമാക്കി.

സ്വീഡനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ സുരക്ഷാ നയ യുഗത്തിന്റെ ആരംഭമാണ് ഈ തീരുമാനം എന്ന് സ്റ്റോക്ക്‌ഹോമിൽ നടന്ന പത്രസമ്മേളനത്തിൽ വെച്ച് സ്വീഡനിലെ എംപ്ലോയ്‌മെൻ്റ് ആൻഡ് ഇൻ്റഗ്രേഷൻ മന്ത്രി ജോഹാൻ പെഹർസൺ സൂചിപ്പിച്ചു. 200 വർഷത്തിലേറെയായി സൈനിക സഖ്യങ്ങൾ ഒഴിവാക്കുകയും യുദ്ധസമയത്ത് നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്തു വന്നിരുന്ന രാജ്യമായിരുന്നു സ്വീഡൻ. എന്നാൽ റഷ്യൻ അതിർത്തിയോടടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം എന്ന നിലയിൽ സൈനിക സ്ഥിതി സുരക്ഷിതമല്ലാത്തതിനാലാണ് നാറ്റോ സൈനികസഖ്യത്തിന്റെ ഭാഗമാകാൻ സ്വീഡൻ തീരുമാനിക്കുന്നത്.

Related Articles

Latest Articles