കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്ര നടത്തിയ സംഭവത്തിൽ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം നല്‍കി എംവിഡി.എൻഫോഴ്സ്മെന്റ് ആർടിഓ ആണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നല്‍കിയത്. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിൽ പ്രതികള്‍. ഇവര്‍ക്കെതിരെ പ്രൊസിക്യൂഷൻ നടപടികളും ആരംഭിച്ചു. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സുരക്ഷിതമല്ലാത്ത വാഹനം റോഡില് ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. ഈകുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം.
കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക്ക് ടർപോളിൻ കൊണ്ട് സ്വിമ്മിങ്ങ് പൂൾ തയ്യാറാക്കി മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് സഞ്ജു നടത്തിയ യാത്രയാണ് വിവാദമായത്. ഇതിൻ്റെ ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻറ് വിഭാഗം കാർ കസ്റ്റഡിയിലെടുത്തു.സഞ്ജു ഉള്‍പ്പെടെ എല്ലാവരേയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനം ഓടിച്ച ഇയാളുടെ സുഹൃത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്യുകയുമായിരുന്നു.കുറ്റിപ്പുറത്ത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യ സേവനം നടത്താനും ശിക്ഷ നൽകി.ഇതിന് പിന്നാലെ മോട്ടോര് വാഹനവകുപ്പിനെയും മാദ്ധ്യ മങ്ങളെയും പരിഹസിച്ച് ഇയാൾ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തത്.യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സംഭവത്തിൽ സ്വമേധയാ ഇടപെടുകയായിരുന്നു. പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ആർടിഓയോട് നിർദ്ദേശിക്കുകയും ചെയ്തു. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി പോലിസ് കസ്റ്റഡിയിലെക്ക് മാറ്റും.മന്നഞ്ചേരി പോലീസിനാണ് ആർടിഒ കാർ കൈമാറുന്നത്.

