കൊച്ചി: യൂട്യൂബർ സഞ്ജു ടെക്കി കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ സംഭവത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, പിബി അജിത് കുമാർ, അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംഭവം പരിഗണിച്ചത്.
സംഭവത്തിൽ കർശന നടപടി വേണമെന്നാണ് കോടതി സർക്കാരിന് നൽകിയിരിക്കുന്ന നിർദേശം. മാത്രമല്ല ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ലോഗർമാർ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണമെന്നും സഞ്ജു ടെക്കി വിഷയത്തിൽ സ്വീകരിച്ച നടപടികൾ മോട്ടോർ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. മോട്ടോർ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാമെന്നും കോടതി സർക്കാരിനെ അറിയിച്ചു.
അതേസമയം, നേരത്തെ കേസെടുത്തതിന് ശേഷം തന്‍റെ യുട്യൂബ് ചാനലിന് ലോകം മുഴുവന് റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാല് പോലും കിട്ടാത്ത പ്രശസ്തി എല്ലാവരും ചേർന്ന് നേടിത്തന്നുവെന്നും പറഞ്ഞ് പുതിയ വീഡിയോ സഞ്ജു ടെക്കി യുട്യൂബിൽ പങ്കുവച്ചിരുന്നു.
‘വളരെ നന്ദിയുണ്ട്. ലോകത്ത് പല ഭാഗങ്ങളിൽ നിന്നും ആരാധകരുടെ സന്ദേശപ്രവാഹമാണ്. കുറ്റിപ്പുറത്തെ എംവിഡി വകുപ്പിന്‍റെ പരിശീലന ക്ലാസിനെയും സഞ്ജു പരിഹസിക്കുന്നുണ്ട്. ഒരുട്രിപ്പ് പോയിട്ട് ഏറെ കാലമായി. കുറ്റിപ്പുറത്തേക്കുള്ള യാത്ര കൂട്ടുകാരുമൊത്തുളള ഒരു ട്രിപ്പായി മാറ്റും’. ഈ യാത്രയും ക്ലാസും വെച്ച് താന്‍ പുതിയ കണ്ടന്‍റ് നല്കുമെന്നും സഞ്ജു പറയുന്നു.
രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിങ്ങ് പൂളൊരുക്കിയത്.കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക്ക് ടർപോളിൻ കൊണ്ട് സ്വിമ്മിങ്ങ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു.ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻറ് വിഭാഗം കാർ കസ്റ്റഡിയിലെടുത്തു.സഞ്ജു ഉള്‍പ്പെടെ എല്ലാവരേയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഡ്രൈവറുടെ ലൈസൻസ് ഒരു വര്‍ഷത്തേക്ക് സസ്പെൻ്റ് ചെയ്തു.വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്.

