തിരുവനന്തപുരം : എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ അണുബാധയെത്തുടർന്ന് മരിച്ചത്. എസ്എടി ആശുപത്രിയിൽ നിന്നാണ് ശിവപ്രിയ്ക്ക് അണുബാധയേറ്റത് എന്നാണ് കുടുംബം ആരോപിക്കുന്നത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ശിവപ്രിയ മരിച്ചത്. കഴിഞ്ഞ മാസം 22-ാം തീയതിയാണ് ശിവപ്രിയ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. പിന്നീട് പനിയെത്തുടർന്ന് 26-ാം തീയതി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സ്വാഭാവിക പ്രസവമായിരുന്നു ശിവ പ്രിയയുടേത്. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു ഗര്‍ഭകാല ചികിത്സ, പിന്നീട് എസ്എടിയിലേക്ക് മാറ്റി. ഡിസ്ചാര്‍ജ് ചെയ്തതിന്റെ പിറ്റേന്ന് തന്നെ പനി കൂടി. വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോള്‍ സ്റ്റിച്ച് പൊട്ടിയിട്ടുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് ഓരോ ദിവസം കഴിയുമ്പോഴും ആരോഗ്യ നില മോശമാകുകയായിരുന്നു. കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുകള്‍ പറഞ്ഞു. സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നും ശിവ പ്രിയയുടെ ഭര്‍ത്താവ് പ്രതികരിച്ചു.
“ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. നടന്നിട്ടാണ് പ്രസവത്തിനായി പോയത്. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പോയപ്പോൾ ചെറിയ പനി ഉണ്ടായിരുന്നു. കൃത്യമായി ആശുപത്രിയിൽനിന്ന് നോക്കാതെ വിട്ടതാണ്. പിറ്റേദിവസം പനി കൂടിയതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ വന്നു. ഉള്ള് പരിശോധിച്ച ശേഷം ഇവർ പറഞ്ഞു, സ്റ്റിച്ച് പൊട്ടി എന്ന്. സ്റ്റിച്ച് പൊട്ടിയെങ്കിൽ വേദന വരൂല്ലേ. തലകറക്കം വന്നതിന് ശേഷം എന്നെ വിളിച്ച് കാണിച്ചു തന്നതാണ്. സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. പിന്നെ ഓരോ ദിവസവും വയ്യാതായി. പിന്നെ വെന്റിലേറ്ററിലായി. കഴിഞ്ഞ ദിവസം ഭക്ഷണത്തിനായി ട്യൂബ് ഇട്ടു. അതിന് ശേഷം കണ്ണ് തുറന്നിട്ടില്ല. ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ ആയതെന്നാണ് ഡോക്ടർ പറയുന്നത്. അണുബാധയേറ്റിരിക്കുന്ന ബാക്ടീരിയ ആശുപത്രി മുഖേന മാത്രം ഉണ്ടാകുന്നതാണ്. അതിന്റെ റിപ്പോർട്ടടക്കം എന്റെ കൈയിൽ ഉണ്ട്”, ശിവപ്രിയയുടെ ഭർത്താവ് പറഞ്ഞു.

