ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ തഹാവൂർ ഹുസൈൻ റാണയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. എൻ ഐ എ ആസ്ഥാനത്ത് വൻ സുരക്ഷാ വലയത്തിലാണ് ചോദ്യം ചെയ്യൽ. എൻ ഐ എ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഡേവിഡ് കോൾമാൻ ഹെഡ്‌ലി റാണയ്ക്കയച്ച ഇ മെയിലുകൾ എൻ ഐ എ സംഘം ഹാജരാക്കി. അന്വേഷണ പുരോഗതി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ട് വിലയിരുത്തി.
അതേസമയം റാണ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സൂചന. ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. ഇന്ത്യയിലെ സഹായികൾ ആരൊക്കെയായിരുന്നു എന്നതാണ് പ്രധാനമായും എൻ ഐ എ അന്വേഷിക്കുന്നത്. റാണയുടെ കേരള ബന്ധവും അന്വേഷിക്കുന്നു.
വ്യാഴാഴ്ചയാണ് അമേരിക്കയിൽ നിന്ന് തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചത്. 18 ദിവസത്തെ കസ്റ്റഡി കോടതി എൻ ഐ എയ്ക്ക് അനുവദിച്ചിട്ടുണ്ട്. അതിനുള്ളിൽ പരമാവധി തെളിവുകളും വിവരങ്ങളും ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്‌ഷ്യം. ഫോറൻസിക് സൈക്കോളജിസ്റ്റുകൾ അടക്കമുള്ള വിദഗ്ദ്ധരാണ് റാണയെ ചോദ്യം ചെയ്യുന്നത്.
2008 നവംബർ 26 നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ലഷ്‌കർ ഭീകരരെ ഉപയോഗിച്ച് ഈ ആക്രമണം നടത്താൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് തഹാവൂർ റാണ ആയിരുന്നു. അമേരിക്കയിൽ മറ്റൊരു ഭീകരാക്രമണം പദ്ധതിയിടുന്നതിനിടെ റാണ അമേരിക്കൻ പോലീസിന്റെ പിടിയിലാകുകയായിരുന്നു. തീവ്രവാദക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് അമേരിക്കയിൽ ജയിലുകളിൽ കഴിയവെയായിരുന്നു റാണയെ ഇന്ത്യയ്ക്ക് കൈമാറിയത്.

