ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലർ രാജ (48) പിടിയിൽ. കോയമ്പത്തൂർ സിറ്റി പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
നിരോധിത സംഘടനയായ അൽ- ഉമ്മയുടെ സജീവ കേഡറായിരുന്നു ടെയ്ലർ രാജ കഴിഞ്ഞ 26 വർഷമായി ഒളിവിലായിരുന്നു. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ബോംബുകൾ സ്ഥാപിച്ചതും ഇതിനായി വീട് വാടകക്കെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ പ്രതികളായ ടെയ്‌ലർ രാജ,മുജീബുർ റഹ്‌മാൻ എന്നിവർക്കായി തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. 167 പ്രതികളുണ്ടായിരുന്ന കേസിൽ പിഡിപി നേതാവ് അബ്ദുൽ നാസർ മദനി ഉൾപ്പെടെ 153 പേരാണു ശിക്ഷിക്കപ്പെട്ടത്.
1998 ഫെബ്രുവരി 14 മുതൽ 17 വരെയുണ്ടായ 19 സ്ഫോടനങ്ങളിൽ 58 പേർ കൊല്ലപ്പെടുകയും ഇരുനൂറിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു .ബിജെപി അദ്ധ്യക്ഷൻ എൽകെ അദ്വാനി ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്നതിനു തൊട്ടുമുൻപായിരുന്നു സ്ഫോടനം. അദ്വാനിയെ വധിക്കുക ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം ആസൂത്രണം ചെയ്തത്.

