തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാൻ ഫർണാണ്ടോ കപ്പലിന്റെ മടക്കയാത്ര വൈകിയേക്കും. ട്രയൽ റൺ ആരംഭിച്ചതിനാൽ വളരെ പതുക്കെയാണ് കപ്പലിൽ നിന്നും കണ്ടെയ്നറുകൾ ഇറക്കുന്നത്. അതിനാൽ കൂടുതൽ സമയം ചരക്ക് ഇറക്കുന്നതിന് എടുക്കുന്നുണ്ട് എന്നാണ് തുറമുഖ അധികൃതർ നൽകുന്ന വിവരം. ഇതുവരെ ആയിരത്തോളം കണ്ടെയ്നറുകൾ ഇറക്കിയെന്നാണ് പുറത്ത് വരുന്ന വിവരം.
കണ്ടെയ്നറുകൾ ഇറക്കി കഴിഞ്ഞാൽ ഇന്നോ നാളെയോ കപ്പൽ തീരം വിടുമെന്നും അറിയിച്ചു. കപ്പൽ മടങ്ങുന്നത് അനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊണ്ടുപോകാനുള്ള ഫീഡർ കപ്പൽ എത്താനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞത്ത് ട്രയൽ റണ്ണിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്.
രാജ്യത്തെ ഒരു തുറമുഖത്ത് നങ്കൂരമിടുന്ന ആദ്യത്തെ മദർഷിപ്പാണ് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌ക് ചാർട്ടർചെയ്ത സാൻ ഫെർണാണ്ടോ. വ്യാഴാഴ്ച രാവിലെ 9.30-നാണ് 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുള്ള സാൻ ഫെർണാണ്ടോ എന്നകൂറ്റൻ കപ്പൽ വിഴിഞ്ഞത്തെത്തിയത്.

