Thursday, December 18, 2025

ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സൂചന പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസുടമകൾ, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസുടമകൾ. ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ് ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളിലൊന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും അനുകൂല സമീപനം ഇല്ലാത്തതിനാല്‍ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കില്‍ തീരുമാനമെടുക്കുമെന്നുംസംയുക്ത സമരസമിതി വ്യക്തമാക്കി.

പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കിനല്‍കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഇ ചലാന്‍ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ ആവശ്യപ്പെടുന്നത്.
തുടർചർച്ചകളിൽ ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, ഇരുപത്തി രണ്ടാംതീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

Related Articles

Latest Articles