പാലക്കാട് : കേരളത്തിന് പിന്നാലെ റോബിൻ ബസിനെ വേട്ടയാടി തമിഴ്‌നാടും. വാളയാർ അതിർത്തി കടന്നെത്തിയ ബസ് തമിഴ്‌നാട് ആർടിഒ തടഞ്ഞു. ബസ് രേഖകൾ പരിശോധിക്കാനെന്ന പേരിൽ തമിഴ്‌നാട് ആർടിഒ ബസ് തടയുകയും പിന്നാലെ ഗാന്ധിപുരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. ബസിനെ എപ്പോൾ വിട്ടയക്കുമെന്ന് വ്യക്തമല്ല. അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിന് ഇന്നലെ മാത്രം കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് ചുമത്തിയത്. കേരളത്തിൽ ഇന്നലെ നാലിടത്ത് ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് 37500 രൂപയാണ് പിഴ ചുമത്തിയത്.
ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാൻ അനുവാദമില്ലെന്നും കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലേക്ക് കയറിയ റോബിൻ ബസിന് 70,410 രൂപ ചാവടി ചെക്ക് പോസ്റ്റിൽ ഈടാക്കിയത്. ടാക്‌സിനത്തിൽ 32000 രൂപയും ഇത് മുൻകൂട്ടിയടയ്ക്കാത്തതിനുള്ള പിഴയുമടക്കം 70,410 രൂപയാണ് റോബിൻ മോട്ടോഴ്‌സ് അടച്ചത്. ഇതിനിടെയാണ് വീണ്ടും നടപടി
കേരള സർക്കാർ തമിഴ്‌നാടിന്റെ സഹായത്തോടെ വേട്ടയാടുന്നുവെന്നും റോബിൻ ബസിന് എതിരാളിയായി പത്തനംതിട്ടയിൽ നിന്ന് കെഎസ്ആർടിസി ആരംഭിച്ച പുതിയ സർവീസിന് പെർമിറ്റ് ഇല്ലെന്ന് ബസ് ഉടമ റോബിൻ ഗിരീഷ് ആരോപിച്ചു.

