ചെന്നൈ: കെപി യോഹന്നാനു പിന്നാലെ സുവിശേഷ പ്രസംഗങ്ങൾ കൊണ്ട് വിശ്വാസം കൈയ്യിലെടുക്കുന്ന പ്രാസംഗികൻ പോള്‍ ദിനകരനും കുരുക്കിലേക്ക്. പോള്‍ ദിനകരന്‍ നേതൃത്വം നല്‍കുന്ന ജീസസ് കോള്‍സ് മിനിസ്ട്രിക്കു കീഴിലുള്ള 28 ഇടങ്ങളിലാണ് ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് നടന്നത് ബിലീവേഴ്‌സ് ചര്‍ച്ചില്‍ നടന്ന ഓപ്പറേഷന് തുല്യമാണ് ഇതും. ചെന്നൈ ജീവരത്‌ന നഗറിലെ പോള്‍ ദിനകരന്റെ വീട്, കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശാല, ചാരിറ്റി സ്ഥാപനമായ സീഷ, അഡയാറിലെ ആസ്ഥാനം, എന്നിവിടങ്ങളിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പു നടത്തിയെന്ന പരാതിയെ തുടര്‍ന്നാണു നടപടിയെന്നു വകുപ്പ് അറിയിച്ചു. ചട്ടം ലംഘിച്ച് വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണവുമുണ്ട്. പോള്‍ ദിനകരന്‍ വിദേശത്താണ്. ബിലീവേഴ്‌സ് ചര്‍ച്ചില്‍ റെയ്ഡ് നടക്കുമ്പോഴും ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അധിപന്‍ കെപി യോഹന്നാനും വിദേശത്തായിരുന്നു.
നികുതി വെട്ടിപ്പ്, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. കാരുണ്യ പ്രവര്‍ത്തനത്തിന് വാങ്ങുന്ന ഫണ്ട് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് പ്രധാന പരാതി. ജീസസ് കാള്‍സ് സഭ സ്ഥാപകന്‍ ഡി.ജി.എസ് ദിനകരന്റെ മകനാണ് പോള്‍ ദിനകരന്‍. കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ചാന്‍സലര്‍ കൂടിയാണ് പോള്‍ ദിനകരന്‍. അതേസമയം ജീസസ് കോള്‍സ് മിനിസ്ട്രി എന്ന പോള്‍ ദിനകരന്റെ സ്ഥാപനത്തിന് വിദേശത്തും ശാഖകളുണ്ട്. ഇവിടെ നിന്നെല്ലാം ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് ഇന്ത്യയിലേക്കെത്തിയെന്നാണ് സൂചന. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു ഇത്തരത്തില്‍ പണമെത്തിയതെന്നാണ് സ്ഥാപനത്തിന്‍റെ വാദം. എന്നാല്‍ പണം വിനിയോഗിച്ചത് മറ്റു പല ആവശ്യത്തിനുമാണെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നിരവധി തെളിവുകള്‍ ആദായ നികുതി വകുപ്പിന് കിട്ടിയെന്നാണ് വിലയിരുത്തല്‍.

