Sunday, December 14, 2025

പ്രസംഗിക്കാൻ വിളിക്കാന്‍ വൈകി ; വേദിയിൽ പിണങ്ങി തമിഴ്നാട് മന്ത്രി ! വിവാദങ്ങളൊഴിയാതെ ആഗോള അയ്യപ്പസംഗമം

പമ്പ : വിവാദങ്ങളൊഴിയാതെ ആഗോള അയ്യപ്പസംഗമം. സംഗമവേദിയിൽ പ്രസംഗിക്കാൻ വിളിക്കാന്‍ വൈകിയതിൽ തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ പിണങ്ങിയതോടെയാണ് പുതിയ വിവാദം ഉടലെടുത്തത്. മുഖ്യമന്ത്രി പ്രസംഗിച്ചശേഷം ദേവസ്വം മന്ത്രി വി.എൻ.വാസവനാണ് പ്രസംഗിച്ചത്. പിന്നീട് തമിഴ്നാട് മന്ത്രി പി.കെ.ശേഖർബാബു പ്രസംഗിച്ചു. അതിനുശേഷം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയാണ് പ്രസംഗിക്കാനായി ക്ഷണിച്ചത്. ഇതോടെയാണ്, മന്ത്രി പിണങ്ങിയത്.

മുഖ്യമന്ത്രി വേദിയിലെത്തിയിട്ടും കസേരകൾ ഒഴിഞ്ഞ് കിടന്നത് തുടക്കത്തിലേ കല്ലുകടിയായിരുന്നു,
ആദ്യം റജിസ്റ്റർ ചെയ്ത 3000 പേരെയാണ് ആഗോള അയ്യപ്പ സംഗമത്തിലെ പ്രതിനിധികളായി തിരഞ്ഞെടുത്തത്. ഈ പ്രതിനിധികൾക്ക് പുറമേ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷണിച്ച സാമൂഹിക- സാംസ്കാരിക- സാമുദായിക സംഘടനകളിലെ പ്രതിനിധികളും ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കർമസമിതി 22ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തുന്നുണ്ട്. ആഗോള അയ്യപ്പ സംഗമം കൊണ്ട് സാധാരണ അയ്യപ്പ ഭക്തർക്ക് എന്ത് ഗുണം ആണ് ഉണ്ടാകാൻ പോകുന്നതെന്ന ചോദ്യം ഭക്തരിൽ നിന്നും ഉയർന്നിരുന്നു. 2018 ലെ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കും മേൽ സ്വീകരിച്ച നടപടികൾ, പോലീസ് കേസ്സുകൾ എന്നിവ എത്രയും പെട്ടെന്ന് പിൻവലിയ്ക്കണമെന്നും ഭക്തർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ ഇക്കാര്യം പരിഗണിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

അനശ്ചിതത്വത്തിനിടയിൽ കർശന വ്യവസ്ഥകൾക്ക് വിധേയമായാണ് സംസ്ഥാന സർക്കാരിനും ദേവസ്വം ബോർ‍ഡിനും ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതി ഒടുവിൽ അനുമതി നൽകിയത്. പമ്പയുടെ പരിശുദ്ധി പൂർണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല. സ്പോൺസറിങ് അടക്കം സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണം. സംഗമം നടത്തിയ 45 ദിവസങ്ങൾക്കുളളിൽ ഓഡിറ്റിങ് നടത്തി ദേവസ്വം സ്പെഷൽ കമ്മീഷണർ മുഖേന കണക്കുകൾ ദേവസ്വം ബെഞ്ചിനെ അറിയിക്കണം. സാധാരണ തീർഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും ഇക്കാര്യം സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡുും ഉറപ്പുവരുത്തണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles