Saturday, December 13, 2025

താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചു ! ശബരിമലയിൽ സ്വർണ്ണം പൂശിയ പാളികൾ അടുത്തമാസം 17ന് പുനസ്ഥാപിക്കും

ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ അടുത്തമാസം 17ന് പുനസ്ഥാപിക്കും. പുനസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികൾ പുനസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

അറ്റകുറ്റ പണികൾക്ക് ശേഷം സന്നിധാനത്ത് എത്തിച്ച സ്വർണ്ണം പൂശിയ പാളികൾ ശബരിമല സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറന്ന ശേഷം ആകും സ്വർണ്ണം പൂശിയ പാളികൾ ദ്വാരപാലക ശില്പങ്ങളിൽ പുനസ്ഥാപിക്കുന്നത്. ശ്രീ കോവിലിന്റെ വാതിലുകളുടെയും കമാനത്തിന്റെയും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടികൾക്കും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി ഹൈക്കോടതിയുടെ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി ഇളക്കിമാറ്റിയത് പുറംലോകം അറിഞ്ഞത് തത്ത്വമയി പുറത്തുവിട്ട വാർത്തയിലൂടെയാണ്. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്ര സങ്കേതത്തിനുള്ളിൽവെച്ച് നടത്തണമെന്നും, ശബരിമല സ്പെഷ്യൽ കമ്മീഷണരുടെയോയോ ഹൈക്കോടതിയുടെയോ അറിവോടെ മാത്രമേ ഇത് ചെയ്യാവൂ എന്നും നിലവിലുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ഈ പ്രവൃത്തി നടന്നത്. തത്വമയി വാർത്തയെ തുടർന്ന് ഭക്തർ പ്രതിഷേധമുയർത്തുകയും മുഖ്യധാരാ ചാനലുകൾ വാർത്ത ഏറ്റെടുക്കുകയും ചെയ്തു. വിഷയം ഹൈക്കോടതിയിലെത്തി.

ഇതിനിടെ, പാളികളുടെ ഭാരത്തിൽ കുറവ് വന്നതായി ഹൈക്കോടതി കണ്ടെത്തി. 2019-ൽ ചെന്നൈയിലേക്ക് കൊണ്ടുപോകുമ്പോൾ 42 കിലോഗ്രാമായിരുന്ന സ്വർണപ്പാളികളുടെ ഭാരം തിരികെ കൊണ്ടുവന്നപ്പോൾ നാല് കിലോഗ്രാം കുറഞ്ഞതായി കോടതി നിരീക്ഷിച്ചു. പെട്രോളാണെങ്കില്‍ കുറവുവരാം, സ്വര്‍ണം എങ്ങനെ ചെന്നൈയില്‍ കൊണ്ടുപോയി തിരികെ എത്തിച്ചപ്പോള്‍ കുറവുവന്നു എന്നായിരുന്നു കോടതി സംശയം പ്രകടിപ്പിച്ചത്.

ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. സ്വർണപ്പാളികൾ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമിൽ വിശദമായ പരിശോധന നടത്തണമെന്നും കോടതി ഇന്ന് നിര്‍ദേശിച്ചു. രജിസ്റ്റർ സൂക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. രജിസ്റ്ററുകൾ ഉദ്യോഗസ്ഥർ കൃത്യമായി സൂക്ഷിക്കാത്തത് ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണോയെന്നും പരിശോധിക്കണംസ്‌ട്രോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുക്കണം. തിരുവാഭരണം രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ വിശദമായി പരിശോധിക്കണം. 1999 മുതൽ രേഖകളിൽ അവ്യക്തതയുണ്ട് എന്നും കോടതി നിരീക്ഷിച്ചു.

വിരമിച്ച ജില്ലാ ജഡ്ജിയാണ് സ്‌ട്രോങ് റൂം കണക്കെടുപ്പ് നടത്തേണ്ടത്. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ദ്വാരപാലക സ്വർണപ്പാളികൾ പുനഃസ്ഥാപിക്കാൻ ഇന്ന് അനുമതി നൽകിയിരുന്നു. ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെ മേൽനോട്ടത്തിൽ ഇത് നടപ്പാക്കാം. മുഴുവൻ സ്വർണാഭരണങ്ങളുടെയും കണക്കെടുക്കുകയും സ്വർണത്തിൻ്റെ മൂല്യവും അളവും പരിശോധിക്കുകയും വേണം.

Related Articles

Latest Articles