ദില്ലി: വൈകുന്നേരത്തോടെ അസാമാന്യ ആൾത്തിരക്ക് അനുഭവപ്പെടുന്ന വിപണിയാണ് ദില്ലിയിൽ ചാന്ദ്നി ചൗക്ക് മാർക്കറ്റ്. ഇന്നലെ ദില്ലിയിൽ സ്ഫോടനം നടത്തിയ ചാവേറുകളുടെ ലക്‌ഷ്യം ഈ മാർക്കറ്റായിരുന്നു എന്നാണ് വിലയിരുത്തൽ. മൂന്നുമണിയോടെ പ്രദേശത്ത് എത്തിയ വാഹനം ആൾത്തിരക്ക് വർധിക്കുന്നത് വരെ കാത്തിരുന്നു. സമയമായെന്ന് ബോധ്യപ്പെട്ട ചാവേറുകൾ കാർ പാർക്കിങ്ങിൽ നിന്ന് പുറത്തെടുത്ത് ചാന്ദിനി ചൗക്കിനെ ലക്ഷ്യമാക്കി നീങ്ങി. എന്നാൽ സിഗ്നലിൽ കാർ നിർത്തേണ്ടി വന്നത് കാരണം പദ്ധതി പാളിയിരിക്കാം എന്നാണ് പോലീസ് നിഗമനം. ഇന്നലെ തിങ്കളാഴ്ചയായതിനാൽ ചെങ്കോട്ട അവധിയായിരുന്നു. അതുകൊണ്ട് അവിടേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം പുരാതനമായ ശിവ ക്ഷേത്രവും ജൈന ക്ഷേത്രവുമുണ്ട്.
ദില്ലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർ ചുറ്റിക്കറങ്ങിയതായി സി സി ടീവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. റെഡ് സിഗ്നലിൽ കാത്തിരുന്ന വാഹനത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ 24 വാഹനങ്ങളാണ് കത്തിയെരിഞ്ഞത്. ആക്രമണത്തിൽ എട്ടുപേരാണ് മരിച്ചത്. മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണ്.
ഇന്നലെ വൈകുന്നേരം 6.52 നാണ് രാജ്യതലസ്ഥാനത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. ചാവേറാക്രമണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ദില്ലിയിൽ ഹൈ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. മണിക്കൂറുകൾക്കകം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു. ആശുപത്രിയിലെത്തി അദ്ദേഹം പരിക്കേറ്റവരെ കാണുകയും ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായി ചർച്ച നടത്തി. ആഭ്യന്തര വകുപ്പിന്റെ നിർണായക യോഗം ഇന്ന് രാവിലെ നടക്കും

