ദില്ലി : അധിക തീരുവയെ ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ അമേരിക്കയിലേക്കുള്ള തപാൽ സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ച് ഇന്ത്യ. ഓഗസ്റ്റ് 25 (തിങ്കളാഴ്ച) മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് തപാൽ വകുപ്പ് അറിയിച്ചു.
800 ഡോളർ വരെ വിലമതിക്കുന്ന സാധനങ്ങൾക്ക് നൽകിയിരുന്ന ‘ഡ്യൂട്ടി ഫ്രീ ഡി മിനിമിസ്’ ഇളവ് പിൻവലിക്കുന്ന എക്സിക്യുട്ടീവ് ഉത്തരവ് അമേരിക്ക നേരത്തെ പുറത്തിറക്കിയിരുന്നു. ഓഗസ്റ്റ് 29 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. ഇതോടെ, ഈ മാസം 29 മുതൽ അമേരിക്കയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര തപാൽ ഉരുപ്പടികൾക്കും അവയുടെ മൂല്യം പരിഗണിക്കാതെ കസ്റ്റംസ് തീരുവ ബാധകമാകും. ഈ പശ്ചാത്തലത്തിലാണ് തപാൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചത്.
നിലവിൽ കത്തുകൾ, രേഖകൾ, കൂടാതെ 100 യുഎസ് ഡോളർ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. വ്യാപാരത്തീരുവയെച്ചൊല്ലി അമേരിക്ക -ഇന്ത്യാബന്ധം വഷളായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് തപാല്‍സേവനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം. അമേരിക്ക , ഇന്ത്യക്ക് മേല്‍ 25 ശതമാനം തീരുവയും റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അധികമായി 25 ശതമാനം പിഴയും ചുമത്തിയതോടെ ആകെ തീരുവ 50 ശതമാനമായി ഉയര്‍ന്നിരുന്നു. പുതിയ സാഹചര്യത്തിൽ തപാൽ സേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

