പരിപാവനമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ആറാട്ട് മണ്ഡപം കൈയ്യേറി കുടുംബശ്രീ മാംസാഹാരം പാകം ചെയ്ത വിവരം തത്വമയി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഹൈന്ദവ സംഘടനകളും കേരള ക്ഷേത്രസംരക്ഷണ സമിതിയും രംഗത്ത് വന്നു. പരിപാവനമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ആറാട്ട് മണ്ഡപം അശുദ്ധമാക്കിയ നടപടി ആസൂത്രിതമാണെന്ന് ആരോപിച്ച കേരള ക്ഷേത്രസംരക്ഷണ സമിതി സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും കുടുംബശ്രീക്കെതിരെയും ശക്തമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
“ഇത് അറിയാതെ സംഭവിച്ചതായി കരുതാൻ സാധ്യമല്ല. മനഃപൂർവം ഹൈന്ദവ ആചാരങ്ങളെ അലങ്കോലപെടുത്തുന്നത്തിന്റെ അവസാന ഉദാഹരണമായി ഇതിനെ കാണുന്നു. ക്ഷേത്ര ഭരണ സമിതി അംഗം ശ്രീ കരമന ജയന്റെയും കേരള ക്ഷേത്രസംരക്ഷണ സമിതിയുടെയും ഹൈന്ദവ സംഘടനകളുടെയും മാദ്ധ്യമങ്ങളുടെയും സമയോചിതമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായത് കൊണ്ടാണ് ലോകം ഈ അതിക്രമം അറിഞ്ഞത്.ഈ മണ്ഡപം പരിശുദ്ധമായി സൂക്ഷിക്കാൻ പത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതി നടപടി സ്വീകരിക്കണം.അതിന് സർക്കാരിന്റെ സഹകരണവും അനിവാര്യമാണ്. അതിന് സർക്കാർ തയ്യാറാകുകയും, സ്ഥലം ജന പ്രതിനിധികളും കോര്പറേഷനും കുടുംബ ശ്രീ ഭാരവാഹികളും നടത്തിയ വീഴ്ച്ചക്ക് ഭഗവാനോടും ഭക്ത ജനങ്ങളോടും മാപ്പ് പറയണമെന്ന് സമിതി ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.”- കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയും സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നാരായണൻ പറഞ്ഞു.

