നെയ്‌റോബി : നികുതി വർധന നിർദേശങ്ങളിൽ പ്രതിഷേധിച്ച് കെനിയയിൽ അരങ്ങേറുന്ന പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. പാർലമെന്റ് മന്ദിരത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച പ്രക്ഷോഭകാരികൾ മന്ദിരത്തിന് തീവച്ചു. പ്രക്ഷോഭകാരികൾ മന്ദിരത്തിന്റെ ഒരു ഭാഗത്ത് തീയിട്ടതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നികുതി വർധിപ്പിച്ച് സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്ന ധനകാര്യ ബില്ലിനെതിരെയാണ് പ്രതിഷേധം. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
നികുതി വർധനവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പ്രക്ഷോഭകാരികൾ സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിൽ പ്രവേശിക്കുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി കണ്ണീർ വാതകവും ജലപീരങ്കിയുമടക്കം പോലീസ് പ്രയോഗിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

