ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ആന്ധ്രയിൽ ഇന്ന് ചന്ദ്രബാബു നായിഡുവെന്ന 74 കാരൻ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ കോറിയിടുന്നത് ഒരു പുതു ചരിത്രമാണ്. തിരിച്ചു വരവ് എന്ന പ്രയോഗം കേട്ട് തഴമ്പിച്ചതാണെങ്കിലും ആ പ്രയോഗത്തെ കൂടുതൽ അന്വർത്ഥമാക്കുന്ന പ്രകടനമാണ്
മുൻ മുഖ്യമന്ത്രി കൂടിയായ ചന്ദ്രബാബു നായിഡുവും അദ്ദേഹത്തിൻ്റെ പാർട്ടിയും ഇന്ന് നടത്തിയത്. എഴുതി തള്ളിയവരെ പോലും അമ്പരപ്പിച്ച് 16 ലോക്‌സഭാ സീറ്റുകളിലും 130 നിയമസഭാ സീറ്റുകളിലും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (TDP) മുന്നേറുകയാണ്.
2019 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ, വൈഎസ്ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) 175-ൽ 151 സീറ്റുകളും തൂത്തുവാരിയപ്പോൾ അന്ന് ടിഡിപിക്ക് നേടാൻ സാധിച്ചത് 23 സീറ്റുകൾ മാത്രമായിരുന്നു. കടപ്പ, കർണൂൽ, നെല്ലൂർ, വിജയനഗരം എന്നിവയുൾപ്പെടെ പ്രധാന ജില്ലകളെല്ലാം അന്ന് ടിഡിപിയുടെ കൈയ്യിൽ നിന്ന് വഴുതിപ്പോയി. ജന സേന പാർട്ടി (ജെഎസ്പി) ഒറ്റയ്ക്ക് ഒരു സീറ്റാണ് അന്ന് നേടിയത്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎയിൽ നിന്ന് വേർപിരിഞ്ഞ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തിൽ ചേരാനുള്ള നായിഡുവിൻ്റെ തീരുമാനമാണ് പാർട്ടിയുടെ ശക്തി ചോർത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും ടിഡിപി നേരിട്ട കനത്ത പരാജയം, നായിഡുവിനെ ആന്ധ്രാ പ്രദേശ് രാഷ്ട്രീയത്തിൽ നിന്ന് പോലും പിഴുതെറിയുമെന്ന് വിലയിരുത്തപ്പെട്ടു.
2024 മാർച്ചിൽ ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നായിഡു കോൺഗ്രസിൽ നിന്ന് അകലുകയും എൻഡിഎയോട് അടുക്കുകയും ചെയ്തു. മുന്നണി ധാരണ പ്രകാരം ടിഡിപി 17 ലോക്‌സഭാ സീറ്റുകളിലും 144 നിയമസഭാ സീറ്റുകളിലും ജനവിധി തേടിയത്. 30 നിയമസഭാ സീറ്റുകളും 8 ലോക്‌സഭാ സീറ്റുകളുമാണ് നായിഡു സഖ്യകക്ഷികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ജനസേന 21നിയമസഭാ സീറ്റുകളിലും 4 ലോക്‌സഭാ സീറ്റുകളിലും ബിജെപി 6 ലോക്‌സഭാ സീറ്റിലും 10 നിയമസഭാ സീറ്റിലും മത്സരിച്ചു. ഇക്കഴിഞ്ഞ മാർച്ച് 17ന് സഖ്യത്തിന്റെ ശക്തി പ്രകടിപ്പിച്ചുകൊണ്ട് ഗുണ്ടൂരില്‍ ബിജെപി-ടിഡിപി സംയുക്ത മാര്‍ച്ച് നടന്നിരുന്നു.
2014ൽ സംസ്ഥാനത്ത് ടിഡിപി-ബിജെപി സഖ്യം 17 സീറ്റുകൾ നേടിയപ്പോൾ വൈഎസ്ആർസിപിക്ക് എട്ട് സീറ്റുകളാണ് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് ചന്ദ്രബാബു നായിഡുവും സഖ്യവും ബിജെപി ഉപേക്ഷിച്ചത്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുന്നണി വിട്ടത്. നടനും രാഷ്‌ട്രീയ നേതാവുമായ പവന്‍ കല്ല്യാണിന്‍റെ ജനസേന പാര്‍ട്ടിയുമായി ടിഡിപി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിഡിപിയും മുന്നണിയിലെത്തിയത്. ആന്ധ്രയിലെ ചെറുപ്പക്കാർക്കിടയിൽ ശക്തമായ സ്വാധീനമുള്ള സൂപ്പർസ്റ്റാർ പവൻ കല്യാണിൻ്റെ നേതൃത്വത്തിലുള്ള ജനസേനയുമായും ബിജെപിയുമായും അദ്ദേഹത്തിൻ്റെ പാർട്ടിയുടെ സഖ്യം അദ്ദേഹത്തിൻ്റെ നിലയെ കൂടുതൽ ശക്തിപ്പെടുത്തി.
ഇതിന് പുറമെ വൈഎസ്ആർസിപി എംഎൽഎമാർക്കെതിരായ ദുർഭരണത്തിൻ്റെയും അഴിമതിയുടെയും ആരോപണങ്ങൾ നായിഡുവിനോട് സഹതാപം സൃഷ്ടിക്കുകയും വോട്ടർമാർക്കിടയിൽ അസംതൃപ്തി വളർത്തുകയും ചെയ്തു.
ജൂൺ 9 ന് നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ടിഡിപി പാർട്ടി പ്രഖ്യാപിച്ചു. നിലവിൽ
നായിഡുവും മകൻ ലോകേഷും യഥാക്രമം കുപ്പം, മംഗളഗിരി നിയമസഭാ സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ഇന്ത്യൻ രാഷ്ട്രീയം കണ്ട ഏറ്റവും മികച്ച മടങ്ങിവരവിനാണ് ഇന്ന് ആന്ധ്ര സാക്ഷ്യം വഹിച്ചത്.

