ദില്ലി : ദുബായ് എയർഷോയ്ക്കിടെ തകർന്നു വീണ തേജസ് യുദ്ധവിമാനത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പൈലറ്റായ വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ അവസാന നിമിഷം പുറത്തുചാടാന്‍ ശ്രമിച്ചിരുന്നു എന്ന് സൂചന നല്‍കുന്ന ദൃശ്യം WL Tan’s Aviation Videos ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനും വിമാനത്തെ രക്ഷിക്കാനും പൈലറ്റ് ശ്രമിച്ചതുകൊണ്ടാകാം സ്വയം രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം അവസാന നിമിഷത്തിലായത് എന്നാണ് കരുതുന്നത്. ഹിമാചല്‍ പ്രദേശ് സ്വദേശിയായ ഐഎഎഫ് പൈലറ്റ് വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ ആണ് അപകടത്തിൽ മരിച്ചത്. പുറത്തു വന്ന ദൃശ്യങ്ങളിൽ വിമാനം തീഗോളമായി മാറുന്ന സമയത്ത്, പാരച്യൂട്ട് പോലുള്ള ഒരു വസ്തു കാണാം. പൈലറ്റ് പുറത്തുചാടാന്‍ ശ്രമിച്ചെങ്കിലും വിമാനത്തെ രക്ഷിക്കാൻ ശ്രമിച്ചതിനാൽ സമയം വൈകിപ്പോയിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച തേജസിന്റെ 10 വര്‍ഷത്തെ സേവനത്തിനിടയിലെ ആദ്യത്തെ മരണമാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജയ്‌സാല്‍മീറിനടുത്ത് ഒരു തേജസ് വിമാനം തകര്‍ന്നു വീണിരുന്നു. എന്നാല്‍, അന്ന് പൈലറ്റ് സുരക്ഷിതമായി പുറത്തുചാടിയിരുന്നു.
അപകടത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ വ്യോമസേന കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ട്.വിങ് കമാന്‍ഡര്‍ സ്യാലിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും. അദ്ദേഹത്തിന്റെ ഭാര്യ വിരമിച്ച വിങ് കമാന്‍ഡറാണ്. ദമ്പതികള്‍ക്ക് ഏഴ് വയസ്സുള്ള ഒരു മകളുണ്ട്.

