ദില്ലി : ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു. ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ നമാംശ് സ്യാൽ (37) ആണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. ഹിമാചൽ പ്രദേശിലെ കംഗ്ര സ്വദേശിയാണ്
ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസപ്രകടനത്തിനിടെ ഇന്ന് ഉച്ചയ്ക്ക് 2:10-ഓടെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. പ്രദർശനം കണ്ടുകൊണ്ടിരുന്ന കാഴ്ചക്കാരുടെ മുന്നിൽ വെച്ചാണ് സിംഗിൾ-സീറ്റ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ആയ തേജസ് തകർന്നുവീണത്. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിന് മുകളിൽ കട്ടിയുള്ള കറുത്ത പുക ഉയർന്നു.
പൈലറ്റ് പുറത്തേക്ക് തെറിച്ചോ എന്നതിനെക്കുറിച്ചോ, പൈലറ്റിൻ്റെ ആരോഗ്യനിലയെക്കുറിച്ചോ ആദ്യഘട്ടത്തിൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിരുന്നില്ല. പൈലറ്റ് അപകടത്തിൽ മരിച്ചതായി പിന്നീട് വ്യോമസേന സ്ഥിരീകരിക്കുകയായിരുന്നു
2001-ൽ കന്നിപ്പറക്കൽ നടത്തിയ ശേഷം 23 വർഷത്തെ ചരിത്രത്തിൽ തേജസ് വിമാനത്തിന് സംഭവിക്കുന്ന രണ്ടാമത്തെ അപകടമാണിത്. ഇതിനുമുമ്പ്, 2024 മാർച്ചിൽ രാജസ്ഥാനിലെ ജയ്‌സാൽമീറിൽ വെച്ച് ഒരു തേജസ് വിമാനം തകർന്നിരുന്നു. ആ അപകടത്തിൽ പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് തെറിച്ച് രക്ഷപ്പെട്ടിരുന്നു.

