കണ്ണൂര്‍: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ താത്ക്കാലിക നിയന്ത്രണം. പാലക്കയം തട്ട് ടൂറിസം സെന്റര്‍, ഏഴരക്കുണ്ട് ടൂറിസം സെന്റര്‍, ധര്‍മ്മടം ബീച്ച്, ചാല്‍ ബീച് പാര്‍ക്ക്, ചൂട്ടാട് ബീച്ച് എന്നിവിടങ്ങളില്‍ പ്രവേശനം നിരോധിച്ചു. ഏഴാം തീയതി വരെയാണ് നിയന്ത്രണം. ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
അതേസമയം കനത്തമഴയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ മതിൽ ഇടിഞ്ഞ് വീണു. സെന്‍ട്രല്‍ ജയിലിന് അകത്തുള്ള സുരക്ഷാ മതില്‍ ആണ് ഇടിഞ്ഞുവീണത്. മുപ്പത് മീറ്ററോളം ദൂരമാണ് മതില്‍ ഇടിഞ്ഞുവീണതെന്ന് പോലീസുകാർ പറയുന്നു. 1860ല്‍ നിര്‍മ്മിച്ച മതിലാണ് കനത്ത മഴയില്‍ തകര്‍ന്നത്.

