ഇസ്ലാമാബാദ്/കാബൂൾ : അതിർത്തിയിലെ സംഘർഷം തുടരുന്നതിനിടെ പാകിസ്ഥാനി ഔട്ട്പോസ്റ്റുകൾക്ക് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് അഫ്ഗാൻ താലിബാൻ. ഈ ഏറ്റുമുട്ടലുകളിൽ നിരവധി പാകിസ്ഥാനി സൈനികർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.
താലിബാൻ പുറത്തുവിട്ട ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളിൽ, ഒരു ഡ്രോൺ പാകിസ്ഥാൻ ഔട്ട്പോസ്റ്റ് എന്ന് കരുതുന്ന ചതുരാകൃതിയിലുള്ള കെട്ടിടത്തിന് മുകളിൽ ഒരു ചെറിയ ബോംബ്, അല്ലെങ്കിൽ മോർട്ടാർ ഷെൽ, വർഷിക്കുന്നതായി കാണാം. കെട്ടിടത്തിന്റെ മേൽക്കൂരയിൽ ആഘാതമേറ്റ ഉടൻ സ്ഫോടനമുണ്ടാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിർത്തിയിലെ സംഘർഷം രൂക്ഷമാകുന്നതിന്റെ സൂചനയായി അഫ്ഗാൻ ടാങ്കുകളുടെ ഒരു നിര യുദ്ധഭൂമി ലക്ഷ്യമാക്കി നീങ്ങുന്നതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞയാഴ്ച അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനങ്ങളടക്കമുള്ള സംഭവങ്ങൾക്ക് പാകിസ്ഥാനാണ് ഉത്തരവാദിയെന്ന് ആരോപണമുയർന്നതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പ്രതികാരമായി അഫ്ഗാൻ താലിബാൻ സർക്കാർ അതിർത്തിയുടെ ചില ഭാഗങ്ങളിൽ ആക്രമണം അഴിച്ചുവിട്ടു, ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്ലാമാബാദും പ്രഖ്യാപിച്ചിരുന്നു.
പാകിസ്ഥാനി താലിബാൻ അഥവാ തെഹ്രീക്-ഇ-താലിബാൻ (TTP) പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾക്ക് അഫ്ഗാൻ മണ്ണിൽ താവളം നൽകുന്നു എന്ന് ഇസ്ലാമാബാദ് ആരോപിക്കുന്നു. എന്നാൽ താലിബാൻ ഈ വാദം നിഷേധിച്ചു.
ഏറ്റവും പുതിയ ആക്രമണത്തിൽ, പാകിസ്ഥാൻ സൈന്യം തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലെ രണ്ട് പ്രധാന അതിർത്തി ഔട്ട്പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ താലിബാൻ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. പുറത്തുവന്ന ഡ്രോൺ ദൃശ്യങ്ങൾ ഈ ആക്രമണങ്ങളിലൊന്നിലേതാകാനാണ് സാധ്യത.
എന്നാൽ രണ്ട് ആക്രമണങ്ങളും സൈന്യം തടഞ്ഞതായും, ബുധനാഴ്ച പുലർച്ചെ തെക്കൻ കാണ്ഡഹാർ പ്രവിശ്യയിലെ അതിർത്തിയിൽ സ്പിൻ ബോൾഡാക്കിന് സമീപം താലിബാൻ നടത്തിയ ആക്രമണത്തിൽ ഇരുപതോളം താലിബാൻ പോരാളികളെ വധിച്ചെന്നുമാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്.
അതേസമയം, സ്പിൻ ബോൾഡാക്കിന് സമീപമുണ്ടായ ഏറ്റുമുട്ടലുകളിൽ 15 സിവിലിയന്മാർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ താലിബാൻ പറയുന്നു. താലിബാൻ സൈനികരിൽ ‘രണ്ടോ മൂന്നോ’ പേർക്കും ജീവഹാനി സംഭവിച്ചു. സിവിലിയൻമാർ കൊല്ലപ്പെട്ടത് മോർട്ടാർ ആക്രമണത്തിലൂടെയാണെന്ന് സ്പിൻ ബോൾഡാക്ക് മേഖലയിലെ അഫ്ഗാൻ വക്താവ് അലി മുഹമ്മദ് ഹഖ്മൽ വ്യക്തമാക്കി. പാകിസ്ഥാൻ സൈന്യം വീണ്ടും ലൈറ്റ് ആന്റ് ഹെവി ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് ആരോപിച്ചു.
അഫ്ഗാൻ വിദേശകാര്യ പ്രതിനിധി ഇന്ത്യയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാനിൽ സ്ഫോടനങ്ങൾ നടന്നത്. ഇത് പാക് വ്യോമസേനയാണ് നടത്തിയതെന്നാണ് താലിബാൻ വാദം. എന്നാൽ പാകിസ്ഥാൻ ഇക്കാര്യം നിഷേധിക്കുകയാണ്.

