ദില്ലി: പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ തകർത്തതായി കരസേന മേധാവിയുടെ സ്ഥിരീകരണം. ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ പത്തിലധികം പാക് പട്ടാളക്കാരും ഭീകരരും കൊല്ലപ്പെട്ടതായും മൂന്ന് ഭീകരകേന്ദ്രങ്ങൾ തകർത്തതായും കരസേനാ മേധാവി ബിപിൻ റാവത് അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഉയരാമെന്നും ഇതുസംബന്ധിച്ച കണക്കെടുപ്പ് തുടരുകയാണെന്നും പീരങ്കി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കുപ്വാര ജില്ലയിലെ തങ്ധാർ സെക്ടറിൻറെ എതിർവശത്തുള്ള പാക് അധീന കാഷ്മീരിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. തങ്ധാർ സെക്ടറിൽ നേരത്തെ പാക്കിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനു തിരിച്ചടിയായാണ് ഇന്ത്യയുടെ ആക്രമണം. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധിതവണയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങുമ്പോൾ സമാധാനാന്തരീക്ഷം തകർക്കാനാണ് ഭീകരരുടെ ശ്രമം.

