മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസിൽ വിധി വന്നതോടെ ഹിന്ദു സമൂഹത്തെ അപമാനിക്കാനുള്ള കോൺഗ്രസ് ഗൂഡാലോചന പുറത്തായെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കാവി ഭീകരതയെന്ന വ്യാജ പ്രചാരണം കോൺഗ്രസ് നേതൃത്വം നൽകിയ യു പി എ സർക്കാർ നടത്തി. എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ട സാഹചര്യത്തിൽ പാർട്ടി രാജ്യത്തോട് മാപ്പുപറയണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അന്വേഷണം അഭിനവ് ഭാരത് എന്ന സംഘടനയ്ക്ക് നേരെ തിരിഞ്ഞതോടെ അന്നത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാവിഭീകരതയെന്ന പ്രചാരണം ശക്തമാക്കിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും വിധിയെ സ്വാഗതം ചെയ്‌തു.
സംഭവം നടന്ന് 17 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. പ്രത്യേക എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്. മോട്ടോർ സൈക്കിളിൽ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത് എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് കോടതി പറഞ്ഞു. മോട്ടോർ ബൈക്കിന്റെ ഉടമസ്ഥ എന്ന പേരിലാണ് സ്വാധി പ്രഗ്യാസിംഗ് ഠാക്കൂർ കേസിൽ പ്രതിയാകുന്നത്. ആർ ഡി എക്സ് എത്തിച്ചു എന്നതിൽ കേണൽ പുരോഹിതിനെതിരെയും തെളിവുകളില്ല.
2008 സെപ്റ്റംബർ 29 നാണ് മുംബൈ നഗരത്തിൽ നിന്നും 200 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന മുസ്ലിം ഭൂരിപക്ഷ മേഖലയായ മാലേഗാവിൽ സ്ഫോടനം നടക്കുന്നത്. സ്‌ഫോടനത്തിൽ ആറുപേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കാവി ഭീകരത എന്ന ആരോപണം അന്വേഷണത്തിന്റെ തുടക്കം മുതൽ ഉയർന്നിരുന്നു. എന്നാൽ ഈ പ്രചാരണം ഇസ്ലാമിക ഭീകരതയെ വെള്ള പൂശാനുള്ള വ്യാജ പ്രചാരണമാണെന്ന് അന്ന് തന്നെ ആരോപണം ഉയർന്നിരുന്നു. സ്വാധി പ്രഗ്യാസിംഗ് ഠാക്കൂർ, കേണൽ പ്രസാദ് പുരോഹിത്, മേജർ രമേഷ് ഉപാധ്യായ്, അജയ് രാഹിർക്കർ, സമീർ കുൽക്കർണ്ണി, സുധാകർ ചതുർവേദി, സുധാകർ ദ്വിവേദി തുടങ്ങിയവരാണ് പ്രതികൾ

