ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ഐജാസ് ഷെയ്ഖ് എന്ന മുൻ ബിജെപി സർപഞ്ചിനു നേരെ ഭീകരർ വെടിയുതിർത്തത്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അനന്ത്നാഗിലുണ്ടായ വെടിവയ്പ്പിലാണ് വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേറ്റത്. ജയ്പൂർ സ്വദേശികളായ തബ്രേസിന്റെയും ഫർഹയുടെയും ആരോഗ്യനില ഗുരുതരമാണ്. പ്രദേശം കശ്മീർ പൊലീസ് വളഞ്ഞിരിക്കുകയാണ്. നാഷണൽ കോൺഫറൻസ്, പിഡിപി, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ആക്രമണങ്ങളെ അപലപിച്ചു. ജമ്മു കശ്മീരിലെ ബിജെപിയുടെ ധീരനായ പോരാളിയായിരുന്നു ഐജാസെന്ന് ബിജെപി അനുശോചന കുറിപ്പിൽ പറയുന്നു.

