ഷോപ്പിയാൻ: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ (Jammu Terrorist Attack). ഷോപ്പിയാനിൽ ആണ് സംഭവം. സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു പോലീസ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തു.
അതേസമയം കൊല്ലപ്പെട്ടവരുടെ പേരും ഇവർ പ്രവർത്തിക്കുന്ന ഗ്രൂപ്പും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. തെക്കൻ കശ്മീരിലെ ഷോപ്പിയാനിലെ അംഷിപോറ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ഇവിടെ തിരച്ചിൽ നടത്തിയിരുന്നു. ഇവിടെ ഒളിച്ചിരിക്കുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

