നിയാമി :പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിലെ ഡോസോ മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഒരാളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. ജാർഖണ്ഡിലെ ബൊക്കാറോ സ്വദേശി ഗണേഷ് കർമാലി (39) ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. രണ്ടാമത്തെയാളുടെ പേര് കൃഷ്ണൻ എന്നാണ് എന്ന പ്രാഥമിക വിവരം മാത്രമാണ് പുറത്തു വന്നിരിക്കുന്നത്..പവർ ട്രാൻസ്മിഷൻ പ്രോജക്ടുകൾ ഏറ്റെടുക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള ട്രാൻസ്റെയിൽ ലൈറ്റിംഗ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവർ. ഈ മാസം പതിനഞ്ചിനാണ് ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നൈജറിലുള്ള എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിൽ സ്വദേശിയായ രഞ്ജിത് സിങ്ങിനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. തലസ്ഥാനമായ നിയാമിയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഡോസോയിലെ ഒരു കെട്ടിട നിര്‍മാണ സ്ഥലത്ത് കാവല്‍ നില്‍ക്കുന്ന സൈനിക യൂണിറ്റിനെ അജ്ഞാതരായ തോക്കുധാരികള്‍ ആക്രമിച്ചക്കുന്നതിനിടെയാണ് അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ മറ്റ് ആറ് പേര്‍ കൂടി കൊല്ലപ്പെട്ടതായാണ് വിവരം. 2023ൽ നടന്ന അട്ടിമറിയെത്തുടര്‍ന്ന് സൈനിക ഭരണത്തിന്‍ കീഴിലായ നൈജര്‍, അല്‍-ഖ്വയ്ദയുമായും ഐഎസ് ഗ്രൂപ്പുമായും ബന്ധമുള്ള ഭീകര സംഘടനകള്‍ നടത്തുന്ന ആക്രമണത്തിന്റെ ഭീഷണിയിലാണ്.

