ടെഹ്റാന്‍: ഇറാനില്‍ കോടതി സമുച്ചയത്തിന് നടന്ന ഭീകരാക്രമണത്തിൽ അമ്മയും കുഞ്ഞുമടക്കം ആറ് പേർ കൊല്ലപ്പെട്ടു. കോടതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരായ മൂന്ന് പേരും കൊല്ലപ്പെട്ടവരിൽ ഉള്‍പ്പെടുന്നു. തെക്കുകിഴക്കന്‍ ഇറാനിലെ സഹെദാനില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജുഡീഷ്യൽ സെന്ററിന് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തില്‍ 30ലധികം പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കോടതി പരിസരത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
സന്ദര്‍ശകരുടെ വേഷം ധരിച്ചെത്തിയ ഭീകരര്‍ കോടതിക്കുള്ളിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു.പിന്നാലെ നടന്ന ഏറ്റുമുട്ടലില്‍ ഇറാന്‍ സേന മൂന്ന് ഭീകരരെ വധിച്ചു. നിലവില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച്ച് ജിഹാദിസ്റ്റ് ഗ്രൂപ്പായ ജെയ്ഷെ അല്‍-അദല്‍ ഏറ്റെടുത്തിട്ടുണ്ട്. പാകിസ്ഥന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാനിലെ സജീവ തീവ്ര ഗ്രൂപ്പാണ് ജെയ്ഷെ അല്‍-അദല്‍.
ഏപ്രിലില്‍ സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ജെയ്ഷെ അല്‍-അദല്‍ നടത്തിയ ഭീകരാക്രമണത്തെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് ശക്തമായി നേരിട്ടിരുന്നു. ഈ ഏറ്റുമുട്ടലില്‍ ഒരു ജെയ്ഷെ അല്‍-അദല്‍ ഭീകരനെ സൈന്യം കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

