ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സുലൈമാൻ ഷാ ഉള്‍പ്പെടെ മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചത് ദിവസങ്ങളോളം നീണ്ടുനിന്ന തയ്യാറെടുപ്പുകള്‍ക്ക് ശേഷമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നു .കൊല്ലപ്പെട്ട മൂന്ന് ഭീകരരും പാകിസ്ഥാനികളാണ്. ഇവരില്‍നിന്ന് എകെ-47, അമേരിക്കൻ നിര്‍മിത എം-4 കാര്‍ബൈന്‍, റൈഫിളില്‍നിന്ന് പ്രയോഗിക്കാവുന്ന 17 ഗ്രനേഡുകള്‍, വെടിയുണ്ടകള്‍ നിറച്ച മാഗസിനുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഇത്രവലിയ ആയുധശേഖരം സൂചിപ്പിക്കുന്നത് ഇവര്‍ മറ്റൊരു വലിയ ആക്രമണത്തിന്റെ തയ്യാറെടുപ്പിലായിരുന്നു എന്നാണ്.
ഈ മാസം ആദ്യം തന്നെ ഭീകരവാദികളുടെ ആശയവിനിമയത്തിന്റെ വിവരങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തിരുന്നു. നേരിട്ടും ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെയും ഭീകരവാദികളുടെ സന്ദേശങ്ങള്‍ പിടിച്ചെടുത്തതോടെ ഇവരുടെ നീക്കങ്ങള്‍ വ്യക്തമായി. ഭീകരർ ചൈനീസ് നിര്‍മിത വാക്കി ടോക്കിയാണ് ഉപയോഗിച്ചിരുന്നത്. സാധാരണ റേഡിയോ സന്ദേശങ്ങള്‍ പോലെ ഇവ ചോര്‍ത്തിയെടുക്കാനാകില്ല. ഇവ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റഡ് ആയിട്ടാണ് ഒരു സിസ്റ്റത്തില്‍നിന്ന് മറ്റൊന്നിലേക്ക് പോവുക. എന്നാല്‍ ഈ ഫ്രീക്വന്‍സിയിലുള്ള ആശയവിനിമയം നടന്നുവെന്നതിന്റെ ഇലക്ട്രോണിക് മാപ്പിങ് കണ്ടെത്താനാകും. അങ്ങനെയാണ് ഭികരവാദികള്‍ ദാചീഗാം വനമേഖലയിലുണ്ടെന്ന് കണ്ടെത്തിയത്.
ഈ വിവരങ്ങള്‍ പിന്തുടര്‍ന്ന സുരക്ഷാസേന ഭീകരവാദികള്‍ ലിദ്വാസില്‍ മഹാദേവ കുന്നിന് സമീപം വനത്തിലൊളിച്ചുവെന്ന് വ്യക്തമായതോടെയാണ് ഓപ്പറേഷൻ മഹാദേവിന് തുടക്കം കുറിച്ചത്.ഏതാണ്ട് രണ്ടാഴ്ചയായി ഭീകരർക്ക് പിന്നാലെയായിരുന്നു സൈന്യം.സൈന്യവും ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് സൈനിക നടപടി തുടങ്ങിയത്.

