Wednesday, December 24, 2025

വർഷങ്ങൾ നീണ്ട നയതന്ത്ര പരിശ്രമങ്ങളുടെ മഹത്തായ വിജയം; കൊടും ഭീകരൻ തഹാവൂർ റാണെയെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ യു എസ് കോടതിയുടെ നിർണ്ണായക വിധി; നിരാശരായി കാനഡയും

വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ തഹാവൂർ ഹുസ്സൈൻ റാണെയെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ വിധിച്ച് അമേരിക്കൻ കോടതി. പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനാണ് തഹാവൂർ ഹുസൈൻ റാണെ. കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കരാർ പ്രകാരമാണ് കോടതി വിധി. 2008 നവംബര്‍ 26 മുതല്‍ . മൂന്ന് ദിവസം തുടര്‍ച്ചയായി നടന്ന മുംബൈ ഭീകരാക്രമണങ്ങളില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. റാണെ കനേഡിയൻ പൗരനായതിനാൽ ഇയാളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാതിരിക്കാൻ കാനഡ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കൻ കോടതിയുടെ വിധി കാനഡയ്ക്ക് തിരിച്ചടിയാണ്.

2009ല്‍ യുഎസ് പോലീസ് അറസ്റ്റു ചെയ്ത റാണയെ 2011ല്‍ ഷിക്കാഗോ കോടതി ശിക്ഷിച്ചിരുന്നു. ജയിലില്‍ കിടന്നും കേസില്‍ നിന്ന് ഊരിപ്പോരാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. പല കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ എല്ലാം തള്ളുകയായിരുന്നു. സെപ്തംബര്‍ 23ന് യുഎസ് സര്‍ക്യുട്ട് കോടതിയും റാണയുടെ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ഇയാളെ ഭാരതത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വേഗത നൽകിയത്.

മുംബൈ ഭീകരാക്രമണം, 2008 നവംബര്‍ 26നാണ് നടന്നത്. ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് സഹായങ്ങള്‍ ചെയ്തതിലും ആക്രമണം ആസൂത്രണം ചെയ്തതിലും തഹാവൂര്‍ റാണ പ്രധാന പങ്കുവഹിച്ചിരുന്നു.ഇരു രാജ്യങ്ങളിലെയും നിയമ വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ ഏജന്‍സികളും അടുത്തിടെ ന്യൂല്‍ഹിയിലെ യുഎസ് എംബസിയില്‍ റാണയുടെ വിട്ടുകിട്ടല്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ്, ഡിസംബര്‍ അവസാനം റാണയെ ഭാരതത്തിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായത്. 63 കാരനായ കൊടുംഭീകരനെ ഇന്ത്യയിലെത്തിച്ച് വിചാരണ നടത്താൻ കഴിഞ്ഞാൽ ഭാരതത്തെ സംബന്ധിച്ചിടത്തോളം അത് വലിയ നയതന്ത്ര വിജയമാണ്.

Related Articles

Latest Articles