ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത് തുടർന്ന് എൻ ഐ എ. ആദ്യ ദിവസം മൂന്നു മണിക്കൂർ മാത്രമാണ് റാണയെ ചോദ്യം ചെയ്‌തത്. പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഒന്നാം ദിവസം ചോദിച്ചറിഞ്ഞത്. 2008 നവംബറിൽ റാണ നടത്തിയ ഇന്ത്യ സന്ദർശനത്തെ കുറിച്ചുള്ള മൊഴി ലഭിച്ചതായി സൂചനയുണ്ട്. റാണ അന്ന് കൊച്ചിയിലടക്കം എത്തിയിരുന്നു. കൊച്ചിയിലെത്തിയത് ഭീകര പ്രവർത്തനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യാനാണെന്ന് റാണ സമ്മതിച്ചു. മുംബൈ മോഡൽ ആക്രമണം മറ്റ് നഗരങ്ങളിലും നടത്താൻ റാണ പദ്ധതിയിട്ടിരുന്നു. അതിൽ കൊച്ചിയുണ്ടായിരുന്നോ എന്നാണ് ഇപ്പോൾ എൻ ഐ എ സംഘം അന്വേഷിക്കുന്നത്.
ആക്രമണ പദ്ധതിയിൽ കൊച്ചിയുണ്ടായിരുന്നെങ്കിൽ അതിന് റാണയെ സഹായിച്ച സംഘത്തെ കണ്ടെത്താനായിരിക്കും എൻ ഐ എ ശ്രമിക്കുക. മുംബൈ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച രാജ്യത്തിനകത്തുള്ള ശക്തികളെ കണ്ടെത്താൻ തന്നെയാണ് എൻ ഐ എ ശ്രമിക്കുക. തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചതും അതിനുവേണ്ടി തന്നെയാണ്. റാണയുടെ ആക്രമണ പദ്ധതിയിൽ കൊച്ചിയുണ്ടെങ്കിൽ റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുത്തേക്കും.
മുംബൈ ആക്രമണം നടപ്പിലാക്കാൻ റാണയുടെ നിർദ്ദേശപ്രകാരം ഒരാൾ ഹെഡ്‌ലിയെ സഹായിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 17 വർഷം മുമ്പ് നടന്ന കാര്യങ്ങൾ ആണ് കണ്ടെത്തേണ്ടത് എന്നത് ഒരേസമയം വെല്ലുവിളി സൃഷ്ടിക്കുന്നുമുണ്ട്. അന്വേഷണ പുരോഗതി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നേരിട്ട് വിലയിരുത്തുന്നുണ്ട്. അതീവ സുരക്ഷാ സെല്ലിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്

