ബാങ്കോക്ക്: ധാർമിക പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാരോപിച്ച് തായ്‌ലാൻഡ് പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി. കംബോഡിയന്‍ മുന്‍ പ്രധാനമന്ത്രിയുമായി നടത്തിയ വിവാദ ഫോണ്‍ സംഭാഷണമാണ് ഈ നടപടിക്ക് പിന്നിൽ. വെറും ഒരു വര്‍ഷം മാത്രം അധികാരത്തിലിരുന്ന ശേഷമാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്ന പെയ്‌തോങ്താന് പദവി നഷ്ടമായിയിരിക്കുന്നത്.
മൂന്നിനെതിരെ ആറ് വോട്ടുകൾക്കാണ് ഭരണഘടനാ കോടതിയുടെ നിർണായക വിധി വന്നത്. കംബോഡിയയുമായി അതിർത്തി തർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലായിരുന്നു പെയ്‌തോങ്താന്‍ ഷിനവത്ര മുൻ കംബോഡിയന്‍ പ്രധാനമന്ത്രി ഹുൻ സെന്നുമായി ഫോണിൽ സംസാരിച്ചത്. ജൂൺ 15-ന് നടന്ന ഈ സംഭാഷണം പിന്നീട് പുറത്തുവരികയും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു.
പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ പെയ്‌തോങ്താന്‍ ഹുൻ സെന്നിനെ ‘അങ്കിൾ’ എന്ന് വിളിക്കുന്നതും, അതിർത്തി സംഘർഷത്തിൽ കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്വന്തം സൈന്യത്തെ വിമർശിക്കുന്നതും കേൾക്കാമായിരുന്നു. ഈ പ്രസ്താവനകളാണ് അവർക്കെതിരായ കേസിലെ പ്രധാന തെളിവായി മാറിയത്.ഇരു നേതാക്കളും ഈ സംഭാഷണം തങ്ങളുടേതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. എന്നാൽ, പെയ്‌തോങ്താന്‍റെ പ്രസ്താവനകൾ തായ്‌ലൻഡിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. രാജ്യത്തിന്റെ അതിർത്തി തർക്കത്തിൽ ദേശീയ താല്‍പ്പര്യങ്ങൾ വിട്ടുവീഴ്ച ചെയ്തുവെന്ന് പ്രതിപക്ഷം ആരോപിച്ചു. രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുള്ള ഷിനവത്ര കുടുംബത്തിൽനിന്നുള്ള നേതാവാണ് പെയ്‌തോങ്താന്‍. ഈ വിധി തായ്‌ലൻഡിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്.

