Saturday, December 20, 2025

പ്രാർത്ഥനകൾക്ക് നന്ദി !!!ചാക്കയിൽ നിന്ന് കാണാതായ രണ്ട് വയസ്സുകാരിയെ കണ്ടെത്തി; കുട്ടിയുടെ ആരോഗ്യ നില തൃപ്തികരം

നഗരഹൃദയത്തിലെ ചാക്കയിൽ നിന്ന് കാണാതായ അന്യസംസ്ഥാനക്കാരിയായ 2 വയസുകാരിയെ കണ്ടെത്തി. ഇന്നലെ രാത്രി കാണാതായ കുട്ടിയെ 19 മണിക്കൂറുകൾക്കു ശേഷം ഇന്നു രാത്രി 7.30 ഓടെ കൊച്ചുവേളി റെയിൽവെ സ്റ്റേഷനോട് ചേർന്നുള്ള ഓടയ്ക്കു സമീപത്ത് നിന്നാണ് കണ്ടെത്തിയത്. പ്രദേശത്ത് നേരത്തെയും തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ ആ സമയത്ത് കുട്ടി അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ കുട്ടിയെ തട്ടിയെടുത്തവർ പോലീസ് നിരീക്ഷണം ശക്തമായതിനാൽ ഇരുട്ടിന്റെ മറവിൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നുവെന്നാണ് കരുതുന്നത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

പ്രതികളെ പിടികൂടാൻ ശ്രമം തുടരുകയാണ്. റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന അമർദീപ്–റബീന ദേവി എന്നിവരുടെ മകളെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. 10 മണിക്കുശേഷമാണ് കഴിഞ്ഞ രാത്രി പെൺകുട്ടിയുടെ കുടുംബം ഉറങ്ങാൻ കിടന്നത്. കൊതുകുവലയ്ക്കുള്ളിലാണ് കുട്ടിയെ കിടത്തിയിരുന്നത്. 12 മണിക്കുശേഷം അമ്മ നോക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം മനസിലായത്. തൊട്ടടുത്ത് മൂന്ന് സഹോദരങ്ങൾ ഉറങ്ങുന്നുണ്ടായിരുന്നു. പിതാവ് റോഡിലേക്കിറങ്ങി തിരച്ചിൽ നടത്തി. തൊട്ടടുത്ത് രാത്രിയിൽ തുറന്നിരിക്കുന്ന കടയിൽ എത്തി വിവരം പറഞ്ഞു. കടക്കാരുടെ നിർദേശമനുസരിച്ച് തുടർന്ന് പേട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു . തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന കുടുംബം ഒരു മാസം മുൻപാണ് ഹൈദരാബാദിൽനിന്ന് തലസ്ഥാനത്തെത്തിയത്.

Related Articles

Latest Articles